സാഹിബ്‌ഗഞ്ച്: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് സര്‍വശക്‌തിയുമുപയോഗിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യക്കാരായ ഒരാള്‍ക്കു പോലും പൗരത്വനിയമം ദോഷം ചെയ്യില്ലെന്നു പലതവണ വ്യക്‌തമാക്കിയിട്ടും അവര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതു തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങള്‍ ജനാധിപത്യപരമാകണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഭരണഘടനയാണു ഞങ്ങളുടെ ഏക വിശുദ്ധ പുസ്‌തകം. ഞങ്ങളുടെ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിക്കുകയാണ്. അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ എപ്പോഴും ഒരുക്കമാണ്.എന്നാല്‍, വിദ്യാര്‍ഥികളെ ചില രാഷ്‌ട്രീയ പാര്‍ട്ടികളും അര്‍ബന്‍ നക്‌സലുകളും ചട്ടുകമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“മറ്റുള്ളവരെ മറയാക്കിയുള്ള ഒളിപ്പോരു രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുന്നു. എല്ലാ പാകിസ്‌താന്‍കാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നു പ്രഖ്യാപിക്കൂ. ജമ്മു കശ്‌മീരിലും ലഡാക്കിലും 370-ാം വകുപ്പ് പുനഃസ്‌ഥാപിക്കുമെന്നും മുത്തലാഖ് അനുവദിക്കുമെന്നും പ്രഖ്യാപിക്കൂ.’ എന്ന് ജാർഖണ്ഡ് ഇലക്ഷൻ റാലിയിൽ അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി.ബില്ലിനെ എതിര്‍ക്കുന്ന ചിലര്‍ പാകിസ്‌താന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മതത്തിന്റെ അടിസ്‌ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
Post Your Comments