ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് പൊലീസുകാരന് തന്നെയെന്ന് ഡല്‍ഹി പൊലീസ്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ ഇത് പാടെ തള്ളി ഡൽഹി പോലീസ് രംഗത്തെത്തി. വാഹനമോഷണം തടയുന്നതിന് ഡല്‍ഹി പൊലീസിന്റെ കീഴിലുളള ആന്റി ഓട്ടോ തെഫ്റ്റ് സക്വാഡിലെ കോണ്‍സ്റ്റബിളാണ് സിവില്‍ വേഷത്തില്‍ എത്തിയ പൊലീസുകാരന് എന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.
ക്രമസമാധാന പാലനത്തിന് ഡല്‍ഹിയില്‍ നിയോഗിച്ച പൊലീസുകാരുടെ കൂട്ടത്തില്‍ ഉളള ആളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പേര് ഭരത് ശര്‍മ്മ എന്നല്ലെന്നും സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തളളി ഡല്‍ഹി പൊലീസ് വിശദീകരിച്ചു.’ഇദ്ദേഹം ഭരത് ശര്‍മ്മയല്ല. ഡല്‍ഹി പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മറ്റൊരു നുണയാണിത്. വാഹനമോഷണം തടയുന്നതിന് ഡല്‍ഹി പൊലീസിന്റെ കീഴിലുളള ആന്റി ഓട്ടോ തേഫ്റ്റ് സക്വാഡിലെ കോണ്‍സ്റ്റബിളാണ് അദ്ദേഹം.
ഇദ്ദേഹത്തെ ക്രമസമാധാന പാലനത്തിനുളള ഡ്യൂട്ടിക്ക് ആ പ്രദേശത്ത് നിയോഗിക്കുകയായിരുന്നു’- ഡിസിപി എം എസ് രന്ധവ വിശദീകരിക്കുന്നു.ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസുമായുളള സംഘര്‍ഷത്തിനിടെ, ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇത് ആരെന്ന ചോദ്യം ഉന്നയിച്ച് പ്രമുഖര്‍ തന്നെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നത്.
രണ്ടു വിദ്യാര്‍ത്ഥിനികള്‍ കൂടെയുണ്ടായിരുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ മര്‍ദനത്തിന് ഇരയാവുന്ന വിഡിയോ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ത്തന്നെയാണ് ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന രംഗങ്ങളുള്ളത്. ഇത് ആരെന്ന ചോദ്യമുയര്‍ത്തി പലരും രംഗത്തുവന്നെങ്കിലും കൃത്യമായ വിശദീകരണം എവിടെനിന്നും തുടക്കത്തില്‍ പുറത്തുവന്നിരുന്നില്ല.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്. എബിവിപി നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം വന്നത് എന്നൊക്കെ പലരും സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.
Post Your Comments