KeralaLatest NewsIndia

ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച്‌ പിക്കറ്റിങ് ഏര്‍പ്പെടുത്തി.അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്നിരക്ഷാസേന സ്‌ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല.

അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. റോഡ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് തുടര്‍ച്ചയായി റോന്തുചുറ്റും. അക്രമത്തിനു നേതൃത്വം നല്‍കാനിടയുള്ളവരെ കരുതല്‍ത്തടങ്കലില്‍ വെക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കും.ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാര്‍ വിലയിരുത്തും.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്താന്‍ പോലീസ് അകമ്ബടി നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും പോലീസ് സംരക്ഷണം നല്‍കും. പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതിനല്‍കില്ല.ആക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ഡിജിപിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല.സമരാനുകൂലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മേലു ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുമായി സംസ്ഥാനത്തുട നീളം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതും കേരള പൊലീസ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button