News

എഡിഎം നവീൻ ബാബുവിന്റെ മരണം: സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും: ഹർത്താൽ ആരംഭിച്ചു

കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് ശേഷമാകും നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുക. ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം സംസ്കരിക്കും. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മലയാലപ്പുഴ പഞ്ചായത്തിൽ ബിജെപിയും കോൺഗ്രസും , കണ്ണൂരിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിലും ബിജെപി ഹർത്താൽ ആചരിക്കുന്നുണ്ട്. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.

അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button