കൊട്ടാരക്കര: കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മൂലം 14 വര്‍ഷം മുന്‍പ് ഇസ്രയേലില്‍ ജോലി തേടിപ്പോയ ജയയ്ക്ക് ഇസ്രായേലില്‍ അന്ത്യം. കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53) ആണ് ഇസ്രയേലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്ന് 20 വര്‍ഷം മുന്‍പു വിദേശത്തു ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിജയരാജന്‍ നാട്ടിലെത്തിയതോടെ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളേറി. ജോലി അത്യാവശ്യമായി വന്നതോടെ 14 വര്‍ഷം മുന്‍പു ജയ ഇസ്രയേലിലെ ഒരു നഴ്‌സറി സ്‌കൂളില്‍ കെയര്‍ ടേക്കറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടു നാട്ടിലേക്കു വരാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം വീട്ടില്‍ വിളിച്ചപ്പോള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന അസുഖ വിവരം ഉറ്റവരോട് അറിയിച്ചു.
വൃക്ക സംബന്ധ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും വീട്ടിലറിയിച്ചപ്പോള്‍ മടങ്ങിവരാനും നാട്ടില്‍ ചികിത്സ നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ജയ വന്നില്ല. മൂന്നര മാസം മുന്‍പ് വിളിച്ച ജയ രോഗം കൂടിയതിനെ തുടര്‍ന്നു മാസങ്ങളായി ആശുപത്രിയിലാണെന്ന് അറിയിച്ചു. മൂന്നര ലക്ഷം രൂപ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണമായിരുന്നു. താമസിച്ചിരുന്ന വസ്തു പണയപ്പെടുത്തി ജയയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ പണം അയച്ചു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടു 3 മണിയോടെ ജയ മരിച്ചു. ജയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരനും കൊടിക്കുന്നില്‍ സുരേഷ് എംപിയും.
Post Your Comments