തിരുവനന്തപുരം•കേരളാ പോലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികളെ കൂടി ചേർത്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു. സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പോലീസ് നായ്ക്കളെ ഡി-ഇൻഡക്ഷൻ മെഡൽ അണിയിച്ച് യാത്രയാക്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ നായ്ക്കുട്ടികളെ എത്തിച്ചത്. ബെൽജിയം മലിനോയ്‌സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്ന ശ്വാനസംഘത്തിൽ ചേരുന്നത്. ഇവയിൽ മൂന്നെണ്ണം പൊതുജനങ്ങൾ ദാനം ചെയ്തതാണ്. ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളിൽ നിന്നാണ് നായ്ക്കുട്ടികളെ തിരഞ്ഞെടുത്തത്.
രക്ഷാപ്രവർത്തനത്തിനും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്‌നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുക. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കാനും കാണാതായ ആൾക്കാരെ കണ്ടെത്താനും പരിശീലനമുണ്ടാകും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും പരിശീലിപ്പിക്കും. സേവനകാലാവധി പൂർത്തിയാക്കുന്ന 12 പോലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പോലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെൻറ് ഹോം ഒരുക്കിയിട്ടുണ്ട്.
Post Your Comments