കൊൽക്കത്ത : തന്റെ സര്‍ക്കാരിനെ ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന മഹാറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് മമത കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചത്.
എന്റെ സര്‍ക്കാരിനെ നിങ്ങൾക്ക് പിരിച്ച് വിടണമെങ്കിൽ അങ്ങനെ ചെയ്യാം. പക്ഷെ ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ല. മമത ഒറ്റയ്ക്കാണെന്നാണ് അവര്‍ കരുതുന്നത്. നിരവധി പേർ എനിക്കൊപ്പമുണ്ട്. ഉദ്ദേശം നല്ലതായിരുന്നെങ്കിൽ നിങ്ങളെ ജനം പിന്തുണയ്ക്കുമായിരുന്നു. ഇത് മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ലെന്നും എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണെന്നും മമത പറഞ്ഞു.
അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് ഇന്നത്തെ റാലി തുടങ്ങിയത്. പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ബുധനാഴ്ചവരെ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ റാലികള്‍ നടത്താനാണ് മമത തീരുമാനിച്ചിട്ടുള്ളത്. അതേസമയം മമതയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ റാലി സംഘടിപ്പിക്കുന്നതിനെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
Post Your Comments