ന്യൂയോർക്ക്: പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസിനായാണ് ഈ ചെറുവിമാനം ഉപയോഗിക്കുന്നത്.
കാനഡയിലെ ഫ്രേസര്‍ നദിയിലെ തുറമുഖത്ത് നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്കായിരുന്നു ഹാവിലാന്‍ഡ് ബീവര്‍ പറന്നത്. സീ പ്ലെയിന്‍ കംപനിയായ ഹാര്‍ബര്‍ എയറിന്റെ സിഇഒയും സ്ഥാപകനുമായി ഗ്രേഗ് മെക്ഡോഗാല്‍ ആയിരുന്നു വിമാനം പറത്തിയത്. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഡേ ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിമാനം.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്തിനായുളള ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമം ആകുന്നത്. 750എച്ച് പി ശക്തിയുള്ള മാഗ്നി 500 പ്രോപ്പല്‍ഷന്‍ സിസ്റ്റമാണ് ഹാവിലാന്‍ഡ് ബീവറിന് കരുത്താകുന്നത്. സാധാരണ വിമാനങ്ങളുമായി മത്സരിക്കാന്‍ തക്ക കരുത്തുള്ള ഇലക്ട്രിക് എന്ജിന് ഉപയോഗിച്ചാണ് ഹാവിലാന്‍ഡ് ബീവര്‍ പ്രവര്‍ത്തിക്കുന്നത്. സീറോ എമിഷനാണ് വൈദ്യുതി ഉപയോഗിച്ചുള്ള വിമാനത്തിന്റെ സുപ്രധാന പ്രത്യേകത. ശബ്ദമലിനീകരണവും ഇത്തരം വിമാനത്തില്‍ കുറവായിരിക്കും.
Post Your Comments