തുറവൂര്‍: ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചരക്കുലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത കോളജ് വിദ്യാര്‍ഥിയ്ക്കാണ് ദാരുണ മരണം സംഭവിച്ചത്. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായ ജെസ്റ്റി ജയിംസ് (20) ആണ് പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയില്‍ തുറവൂര്‍ ചമ്മനാട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചത്.
നിര്‍ത്തിയിട്ട ടിപ്പറിനു പിന്നില്‍ ജെസ്റ്റി കയറിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. മാവേലിക്കര എആര്‍ രാജരാജവര്‍മ സ്മാരക ഗവ. ഗേള്‍സ് എച്ച്എസ്എസ് പ്രധാനാധ്യാപകന്‍ മാവേലിക്കര കല്ലുമല മേലേപറമ്ബില്‍ ജയിംസ് പോളിന്റെയും കല്ലുമല സിഎംഎസ് എല്‍പിഎസ് അധ്യാപിക സാലമ്മ ജോണിന്റെയും ഇളയ മകനാണു ജെസ്റ്റി.
ആശുപത്രിയില്‍ കഴിയുന്ന മാതൃസഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം. പാലക്കാട്ടു നിന്നു കൊല്ലത്തേക്കു പോയ ലോറിയില്‍ ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തുനിന്നാണ് ലിഫ്റ്റ് ചോദിച്ചു ജെസ്റ്റി കയറിയത്. അരൂരില്‍ ഇറങ്ങിയാല്‍ ബസ് കിട്ടുമെന്നു ലോറി ഡ്രൈവര്‍ പറഞ്ഞെങ്കിലും ലോറിയില്‍ തന്നെ പരമാവധി ദൂരം പോകാമെന്നായിരുന്നു ജെസ്റ്റിയുടെ തീരുമാനം. ചമ്മനാട്ടു ടയര്‍ പരിശോധിക്കാന്‍ നിര്‍ത്തിയ ടിപ്പറിനു പിന്നില്‍ ലോറി ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. തുറവൂര്‍ ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ജെസ്റ്റിയുടെ സഹോദരന്‍: ക്രിസ്റ്റി ജയിംസ് (ചെന്നൈ).
ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ഇന്‍ഫോസിസില്‍ ജെസ്റ്റിക്കു ജോലി ലഭിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കി, ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് മരണം.
Post Your Comments