മുംബൈ: മഹാരാഷ്ട്രയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശിവസേനയുമായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് ബി.ജെ.പി. നിയമം നടപ്പാക്കാൻ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും അനുവദിക്കുന്നില്ലെങ്കിൽ അത് നടപ്പാക്കാനായി തങ്ങൾ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്ക് തയാറാണെന്നും നിയമം നടപ്പാക്കുന്നതിനായി ത്രികക്ഷി സഖ്യത്തിൽ നിന്നും ശിവസേന പുറത്തുവരണമെന്നുമാണ് ബി.ജെ.പി പറയുന്നത്.
പൗരത്വ ഭേദഗതി ബില്ലിന് വേണ്ടി നിങ്ങൾ (ശിവസേന) സർക്കാർ വിട്ട് പോകാൻ ഒരുക്കമാണെങ്കിൽ ഞങ്ങൾ വിട്ടുവീഴ്ചകൾക്ക് തയാറാകാം. നിങ്ങളുടെ സർക്കാരിനെ കാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ട. കഴിഞ്ഞ മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗമായിരുന്ന ആശിഷ് ശേലാർ ആണ് ഇങ്ങനെയൊരു ‘ഓഫർ’ ശിവസേനയ്ക്ക് മുൻപിലായി വച്ചത്. നിങ്ങൾ ആരെയും പേടിക്കേണ്ടതില്ല. നിങ്ങളുടെ യഥാർത്ഥ ശക്തി അവർക്ക് കാണിച്ച് കൊടുക്കണം.’ ആശിഷ് ശേലാർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക എന്നത് രാജ്യത്തിനും മഹാരാഷ്‌ട്രയ്ക്കും അങ്ങേയറ്റം ആവശ്യമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം തങ്ങളുമായി ഉണ്ടാക്കിയ കരാർ ബി.ജെ.പി ലംഘിച്ചു എന്ന് കാണിച്ചാണ് ശിവസേന എൻ.ഡി.എ വിട്ടത്. ശേഷം പാർട്ടി കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് മഹാ വികാസ് അഗാഡി എന്ന പേരിൽ ഭരണസഖ്യം രൂപീകരിക്കുകയായിരുന്നു. പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും നിരവധി പേർ മഹാരാഷ്ട്രയിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നും അവരെ അടിയന്തരമായി പുറത്താക്കേണ്ടതുണ്ടെന്നും ആശിഷ് ശേലാർ പറയുന്നു. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉടൻ തന്നെ പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്നും ആശിഷ് ആവശ്യപ്പെട്ടു.
Post Your Comments