ശ്വാസകോശ ക്യാന്‍സര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്.
ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ആപത്കരമായ രാസവസ്തുക്കളാണ് ശ്വാസകോശ അര്‍ബുദത്തിന് മറ്റൊരു കാരണം. യുറേനിയം, ആര്‍സെനിക്, കാഡ്മിയം, ക്രോമിയം, നിക്കല്‍, ചില പെട്രോളിയം വസ്തുക്കള്‍ എന്നിവയും ശ്വാസകോശ അര്‍ബുദത്തിന് കാരണമാകും. ശ്വാസകോശ ക്യാന്‍സര്‍ സുഖപ്പെടുത്താന്‍ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാല്‍ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ആരോഗ്യഭക്ഷണം രോഗത്തെ പ്രതിരോധിക്കും.
ഭക്ഷ്യനാരുകളും യോഗര്‍ട്ടും ധാരാളം അടങ്ങിയ ഭക്ഷണം കോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ജാമാ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ശ്വാസകോശ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം…<
തക്കാളി
ശ്വാസകോശ ക്യാന്‍സറിനോട് പൊരുതാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം തക്കാളിയില്‍ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീന്‍, ശ്വാസകോശ ക്യാന്‍സറിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്നു.
ബ്രൊക്കോളി
ക്രൂസിഫെറസ് വെജിറ്റബിള്‍ ആയ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ ക്യാന്‍സര്‍ തടയാനും ശ്വാസകോശത്തില്‍ നിന്ന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ശ്വാസകോശ ക്യാന്‍സറിന്റെ വ്യാപനം തടയാന്‍ സഹായിക്കും.
ക്യാരറ്റ്
കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശ്വാസകോശ ക്യാന്‍സറില്‍ നിന്നും ക്യാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍, ബീറ്റാ ക്രിപ്‌റ്റോ സാന്തിന്‍, ലൈക്കോപീന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ സ്ത്രീകളില്‍ ശ്വാസകോശ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്‌സ് ഇന്‍ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഉള്ളി
ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉള്ളി വളരെ മികച്ചതാണ്.
Post Your Comments