KeralaLatest NewsIndia

‘കോൺഗ്രസ്സും മറ്റ് മതേതര പാർട്ടികളും വാദിക്കുന്നത് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടി’, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാഷ്മീരി പണ്ഡിറ്റുകളെ പറ്റി കോൺഗ്രസ് എന്ത് പറയുന്നു? ചോദ്യങ്ങളുമായി കെപി സുകുമാരൻ

അയൽപ്പക്കത്തെ മൂന്ന് മുസ്ലീം രാജ്യങ്ങളിൽ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയവും പൗരത്വവും നൽകാൻ നിയമം ഭേദഗതി ചെയ്യുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് എതിരാണ് എന്ന് വരുത്തിത്തീർത്ത് ശുദ്ധവർഗ്ഗീയത പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സും സോ കോൾഡ് മതേതരക്കാരും അല്ലേ?

പൗരത്വബില്ലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അര്ഥമില്ലാത്തതാണെന്നു എഴുത്തു കാരനും ചിന്തകനുമായ കെ പി സുകുമാരൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇന്ന് വീണ്ടും കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കുമെതിരെ ചോദ്യങ്ങളുമായി കെ പി സുകുമാരൻ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . പോസ്റ്റിന്റെ പൂർണ്ണ രൂപം:

ബി.ജെ.പി.ക്ക് എന്തുകൊണ്ട് രണ്ടാം പ്രാവശ്യവും തുടർഭരണം കിട്ടി എന്നതിന്റെ ഉത്തരമാണ് പൗരത്വ ഭേദഗതി ബില്ലിൽ കോൺഗ്രസ്സും മറ്റ് മതേതര പാർട്ടികളും സ്വീകരിച്ച നിലപാടുകൾ. പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ്സ് നേതാക്കളുടെയും പ്രതികരണങ്ങൾ. ഇക്കൂട്ടർ വാദിക്കുന്നത് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടിയാണ്. അവരെ കൂടി ഇന്ത്യയിലെ പൗരന്മാരാക്കി ഇവിടത്തെ മുസ്ലീം പോപ്പുലേഷൻ വർദ്ധിപ്പിക്കണം. ഇതാണ് ദേശീയ പാർട്ടിയായ കോൺഗ്രസ്സിന്റെ ആവശ്യം. അതായത് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമല്ല, അയൽ രാജ്യങ്ങളിലെ മുസ്ലീങ്ങളെ പറ്റി കൂടി കോൺഗ്രസ്സ് വ്യാകുലപ്പെടുന്നു.

അതേ സമയം ഇന്ത്യയ്ക്കുള്ളിൽ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഹിന്ദുക്കളായ കാഷ്മീരി പണ്ഡിറ്റുകളെ പറ്റി കോൺഗ്രസ്സ് കമാ എന്നൊരക്ഷരം ഒരിക്കലും മിണ്ടിയിട്ടില്ല. പൗരത്വ ബില്ലിൽ മുസ്ലീങ്ങൾക്ക് പൊള്ളുന്നത് മനസ്സിലാക്കാം. അവർ ഒരൊറ്റ മതം ആണല്ലൊ. ഇന്ത്യയിൽ തങ്ങൾ അനുഭവിക്കുന്ന വിവേചനമില്ലാത്ത പൗരാവകാശങ്ങൾ സ്വന്തം മതക്കാരായ ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അഫ്‌ഗാൻകാരും അനുഭവിച്ച് ഇന്ത്യയിൽ ജീവിച്ചോട്ടെ എന്ന് ഇന്ത്യൻ മുസ്ലീങ്ങൾ ആഗ്രഹിച്ചാൽ അതിൽ തെറ്റ് പറയാൻ കഴിയില്ല. മതത്തിൽ ആൾ കൂടുന്നത് ആരാണ് ആഗ്രഹിക്കാത്തത്.

പക്ഷെ കോൺഗ്രസ്സിനു ഇതെന്തിന്റെ കേടാണ്? കോൺഗ്രസ്സ് ഒരു ദേശീയ പാർട്ടിയല്ലേ? അവർക്ക് മുസ്ലീങ്ങളുടെ വോട്ട് മാത്രം മതിയോ? അയൽപ്പക്കത്തെ മൂന്ന് മുസ്ലീം രാജ്യങ്ങളിൽ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയവും പൗരത്വവും നൽകാൻ നിയമം ഭേദഗതി ചെയ്യുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് എതിരാണ് എന്ന് വരുത്തിത്തീർത്ത് ശുദ്ധവർഗ്ഗീയത പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സും സോ കോൾഡ് മതേതരക്കാരും അല്ലേ?

കാഷ്മീരിലെ ഹിന്ദു പണ്ഡിറ്റുകളോടെന്ന പോലെ മേൽപ്പറഞ്ഞ അയല്പക്ക മുസ്ലീം രാജ്യങ്ങളിലെ ‍‍മതന്യൂനപക്ഷങ്ങളോടും കോൺഗ്രസ്സിനും മതേതരക്കാർക്കും ഒട്ടും സഹതാപം ഇല്ല എന്നല്ലേ ഇത് കാണിക്കുന്നത്. കോൺഗ്രസ്സിനും മതേതരക്കാർക്കും മുസ്ലീം പ്രേമം മൂലം മനസ്സിനു തിമിരം ബാധിച്ചു പോയോ? പൗരത്വ ഭേദഗതി ബില്ലിൽ മുസ്ലീം വിവേചനം ഉണ്ട്. അത് പക്ഷെ ഇന്ത്യൻ മുസ്ലീങ്ങളോടല്ല. അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിലാണ് വിവേചനം. ആ വിവേചനം വേണ്ടേ?

ആ രാജ്യങ്ങളിൽ ഹിന്ദു അടക്കമുള്ള ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നത് കൊണ്ടല്ലേ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്? അവരെ ഇന്ത്യ സംരക്ഷിക്കേണ്ടേ? അതല്ലേ മാനവികത? വിവേചനം കാണിക്കുന്ന യജമാനമതക്കാർക്കും പൗരത്വം കൊടുക്കണം എന്ന് വാദിക്കുന്നതിൽ എന്ത് ലോജിക്ക് ആണുള്ളത്. ഒന്നുമില്ലെങ്കിൽ ഈ കോൺഗ്രസ്സുകാർക്ക് മിണ്ടാതിരുന്നുകൂടേ? എന്തിനാണ് ഹിന്ദുക്കളുടെ വെറുപ്പ് ഇങ്ങനെ സമ്പാദിക്കുന്നത്?

ബി.ജെ.പി.യുടെ മിടുക്ക് ആണ് മിടുക്ക്. അവർ മുസ്ലീങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യില്ല. ഇക്കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യ ഭരിച്ചിട്ട് സർക്കാരോ ബി.ജെ.പി.ക്കാരോ മുസ്ലീങ്ങൾക്ക് എന്തെങ്കിലും ദ്രോഹം ചെയ്തോ? ചെയ്യില്ല. കാരണം മുസ്ലീങ്ങൾക്ക് വല്ല ദ്രോഹവും ചെയ്താൽ ഹിന്ദുക്കളും അത് സഹിക്കില്ല എന്ന് ബി.ജെ;പി.ക്ക് അറിയാം. സ്വന്തം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്നതിനു തുല്യമായിരിക്കും അത് എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം ബി.ജെ.പി.ക്ക് ഉണ്ട്. ഹിന്ദുക്കളുടെ സംസ്ക്കാരം സഹവർത്തിത്വമാണ്. ഹിന്ദു എന്നത് ഒരു സംഘടിത മതം അല്ലാത്തത് കൊണ്ട് ഒരു മതത്തോടും ഹിന്ദുവിനു അസഹിഷ്ണുതയില്ല.

ഹിന്ദുവിനു സ്ഥാപിക്കാൻ ഒരു മതസിദ്ധാന്തം സ്വന്തമായി ഇല്ല. പക്ഷെ മുസ്ലീങ്ങളുടെ ലോജിക്ക് ഇല്ലാത്ത ചില മതാവശ്യങ്ങളോട് ഹിന്ദുവിനു യോജിപ്പില്ല. അത്തരം യുക്തിരഹിതമായ മതാവശ്യങ്ങൾക്ക് വേണ്ടി കോൺഗ്രസ്സുകാർ അന്ധമായി വാദിക്കുമ്പോഴാണ് ബി.ജെ.പി.ക്ക് വളമാകുന്നത്. ഇത് പോലെ ചില സർജിക്കൽ സ്ട്രൈക്കുകൾ നടത്തി, നിഷ്പക്ഷരുടെ പിന്തുണ ആർജ്ജിക്കുകയും കോൺഗ്രസ്സുകാരെക്കൊണ്ട് മുസ്ലീങ്ങൾക്ക് വേണ്ടി നിലവിളിപ്പിക്കുകയുമാണ് മറ്റൊരു മിടുക്ക്. അതിൽ ബി.ജെ.പി.സുന്ദരമായി വിജയിക്കുകയും ചെയ്യുന്നു.

ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാലും അതിശയിക്കാനില്ല. കാരണം ബി.ജെ.പി.യുടെ ആവനാഴിയിൽ ഏകീകൃത സിവിൽ നിയമം എന്ന വജ്രായുധം ബാക്കിയുണ്ട്. സ്വതന്ത്ര ചിന്തകരുടെ പണ്ടേയുള്ള ആവശ്യമാണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button