ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ തിങ്കളാഴ്ചയാണ് ലോക്സഭ പാസാക്കിയത്. 311 പേര് ബില്ലിനെ അനുകൂലിച്ചും 80 പേര് ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. യുപിഎ സഖ്യകക്ഷികള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ശിവസേന, ബിജെഡി പാര്‍ട്ടികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ചു.
ബില്ലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി. പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും.
ഭരണഘടനയുടെ ആറാം അനുബന്ധത്തിന്റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ക്കു ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി ഉടന്പടി അനുസരിച്ച് അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങള്‍ക്കും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലില്‍ ഉറപ്പു നല്‍കുന്നത്.
Post Your Comments