കോഴിക്കോട്: എല്‍.ജെ.ഡി ജെഡിഎസുമായി ലയിച്ചേക്കുമെന്ന് സൂചന നൽകി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. ജെ.ഡി.എസിന്റെ ഭാഗത്തുനിന്നാണ് ലയനത്തിനുള്ള നിര്‍ദേശം വന്നതെന്നും ലയനത്തിന് മറ്റ് തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ. നാണു വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ശ്രേയാംസ് കുമാര്‍ നിലപാട് തുറന്നു പറഞ്ഞത്.
ഒരേ ആശയങ്ങളുള്ള കക്ഷികളാണ് ഇരു പാർട്ടികളും. രണ്ടു പാര്‍ട്ടിയായി നില്‍ക്കുന്നതിനു പകരം ഒരുമിച്ച് നില്‍കുക എന്ന ചിന്തയാണ് ഇത്തരമൊരു ആലോചനയ്ക്കു പിറകില്‍. ഇതു സംബന്ധിച്ച് ജെ.ഡി.എസുമായി ആശയവിനിമയം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലയിക്കണമെന്ന ആവശ്യം നേരത്തെതന്നെ ജെ.ഡി.എസ്. ഉന്നയിച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം ഔദ്യോഗിക ചര്‍ച്ചയാകാം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ അനൗദ്യോഗികമായ ചര്‍ച്ചകള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.
പാര്‍ട്ടി ഘടകങ്ങളുമായി ആലോചിച്ചിട്ടേ തീരുമാനത്തിലേയ്ക്ക് പോകൂ. ഏകപക്ഷീയമായ തീരുമാനം അണികളില്‍ അടിച്ചേല്‍പ്പിക്കില്ല. ലയനം ഉണ്ടെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നെതന്നെ ഉണ്ടാകും. ലയനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments