തിരുവനന്തപുരം: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നികുതി പിരിവിൽ സർക്കാരിന് കടുത്ത അനാസ്ഥയാണ്. നികുതി പിരിവ് കൂട്ടാനും പാഴ്ചെലവ് ഒഴിവാക്കാനും സർക്കാർ നടപടി കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് ചെലവിന്റെ കാര്യത്തിൽ സർക്കാർ വൻ ധൂർത്ത് കാണിക്കുന്നത്. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ വിദ്യാർഥി യൂണിയൻ ചെയർമാൻമാരെ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലന പരിപാടിക്ക് അയക്കാനുള്ള നീക്കം ഇത്തരത്തിലൊരു ധൂർത്തിന്റെ ഭാഗമാണ്. റൂസ ഫണ്ടിൽ നിന്നുള്ള ഒരു കോടിയിലധികം രൂപയാണ് ഇതിനായി ചെലവാക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, സംസ്ഥാനത്തെ കോളജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായാണ് ഫണ്ട് നൽകുന്നത്.
യുഡിഫ് ഭരണകാലത്ത് കോളജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി റൂസ ഫണ്ടിൽ നിന്ന് 30 കോടി രൂപയോളം രൂപ വിനിയോഗിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ , കേന്ദ്രം പഠനാവശ്യങ്ങൾക്ക് നൽകിയ ഫണ്ട് ധൂർത്തടിക്കുകയാണെന്നും മന്ത്രിമാരുടെ വിദേശ പര്യടനം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Post Your Comments