ന്യൂഡല്‍ഹി: ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിക്കും.ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2016 ല്‍ അവതരിപ്പിച്ച ബില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക് സഭ പാസാക്കിയിരുന്നു. എന്നാല്‍ , ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ചില സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ഒഴിവാക്കി പരിഷ്കരിച്ച ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്ത് ധാരണയായിട്ടുണ്ട്.
വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.. യു.പി.എ കക്ഷികളെ കൂടാതെ തൃണമൂലും ഇടത് കക്ഷികളും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം , കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന ബില്ലിന് അനുകൂലമാണ്.
വിവാദവിഷയങ്ങളില്‍ ചര്‍ച്ചചെയ്ത് പൊതുമദ്ധ്യത്തില്‍ ഒരേസ്വരത്തില്‍ പ്രതികരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ സമയത്ത് ധാരണയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായാണ് ശിവസേന എം.പി അരവിന്ദ് സാവന്ത് ബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നത്.ദേശീയ പൗരത്വഭേദഗതി ബില്ലിനെ പാര്‍ലമെന്‍റില്‍ എതിര്‍ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം തീരുമാനിക്കേണ്ടത്.
ബില്ലില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ബിജെപി ഭരിക്കുമ്പോൾ ഇപ്പോഴത്തെ ബില്ലിലെ ആവശ്യം ഉന്നയിച്ചു മൻമോഹൻ സിംഗ് പാർലമെന്റിൽ സംസാരിച്ചത് അടുത്തയിടെ പുറത്തു വന്നിരുന്നു. ഇതോടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തു വന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതാടിസ്ഥാനത്തിലുള്ള പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറി ആറുവര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ,
ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളിലെ പത്ത് ജില്ലകളും 1873 ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി നിയന്ത്രണപ്രകാരം പുറപ്പെടുവിച്ച ‘ഇന്നര്‍ ലൈന്‍’ വിജ്ഞാപനത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളെയും ഒഴിവാക്കി. അരുണാചല്‍, നാഗാലാന്‍ഡ്, മിസോറം സംസ്ഥാനങ്ങള്‍ക്കും അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ സ്വയംഭരണാധികാരമുള്ള ഏഴ് ജില്ലകള്‍ക്കും ബാധകമല്ല.
Post Your Comments