നിലമ്പൂര്‍: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ ഇപ്പോള്‍ സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ‘വീടും കുടുംബവും നഷ്ടപ്പെട്ട ഞങ്ങള്‍ നിരാലംബരും നിസ്സഹായരുമാണ്, ഇതിലും ഭേദം 59 ആളുകളില്‍ ഞങ്ങളും പെട്ടാല്‍ മതിയായിരുന്നു’ എന്നി ഫ്ളക്സ് ബോര്‍ഡുകളാണ് സമരപന്തലില്‍ ഉയര്‍ന്നത്.
ദുരിതബാധിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി വാങ്ങുന്നതിനു പോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് സമരക്കാര്‍ പറഞ്ഞു. അടിയന്തര ധനസഹായമായ 10000 രൂപ പോലും സര്‍ക്കാരില്‍ നിന്ന് ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരം ആരുടെയും ഔദാര്യമല്ല, അവകാശമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ദുരിതബാധിതരും തദ്ദേശവാസികളും ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം നടത്തിയത്.
കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നായി റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയ്ക്കായി ധനസഹായം ലഭിച്ചിരുന്നു. എന്നാല്‍ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ഒരു കുടുംബത്തിനെ പോലും പുനരുദ്ധാരണം ചെയ്യാന്‍ റീബില്‍ഡ് നിലമ്പൂരിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.
Post Your Comments