ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദിനം തന്നെ നടപ്പാക്കിലാക്കിയേക്കും. 10 തൂക്കുകയർ തയ്യാറാക്കി ഡിസംബർ 14ന് മുമ്പ് നൽകണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്‌സാർ ജില്ലയിലെ ഒരു ജയിൽ അധികൃതർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിർഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വർഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച.
ഒരു കയർ തയ്യാറാക്കാൻ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആർക്ക് വേണ്ടിയാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും ബക്‌സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികൾ തീഹാർ ജയിലിലാണ് ഉള്ളത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. 2012 ഡിസംബർ 16നായിരുന്നു നിർഭയ കൂട്ടമാനഭംഗത്തിന് ഇരയായത്. പ്രതികളുടെ ദയാഹർജി ഉടൻ രാഷ്ട്രപതി തള്ളിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments