തിരുവനന്തപുരം: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സേവനം ആരംഭിക്കുന്നു. രോഗികള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ശബരിമലയിലേക്കും തിരിച്ചും സുഗമമായ യാത്രയൊരുക്കുന്നതിനാണ് സ്വാമി ഹസ്തം ആരംഭിച്ചിരിക്കുന്നത്. പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം ആംബുലന്‍സുകളുടെ സേവനം സ്വാമി ഹസ്തത്തിലൂടെ ലഭ്യമാകുന്നതാണ്. ആവശ്യമുള്ള വ്യക്തികള്‍ അതത് പോലീസ് സ്റ്റേഷനിലേക്കോ 91 88 100 100 എന്ന എമര്‍ജന്‍സി ആംബുലന്‍സ് നമ്പരിലേക്കോ നേരത്തെ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
സ്വാമി ഹസ്തം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 10-ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കനകക്കുന്നില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ട്രായ് പ്രസിഡന്റും മുന്‍ ഡി.ജി.പി.യുമായ ജേക്കബ് പുന്നൂസ്, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. മനോജ് എബ്രഹാം, ഡോ. സി. ജോണ്‍ പണിക്കര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഐ.എം.എ. വൈസ് പ്രസിഡന്റ് ഡോ. എന്‍. സുല്‍ഫി, കെ.ജി.എം.ഒ.എ. സെക്രട്ടറി ജി.എസ്. വിജയകൃഷ്ണന്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. നരേന്ദ്ര കുമാര്‍, ആംബുലന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
സ്വാമി ഹസ്തം ആംബുലന്‍സുകളുടെ സമര്‍പ്പണ ചടങ്ങ് പത്തനംതിട്ടയില്‍ അന്നേ ദിവസം രാവിലെ 11.30ന് ജില്ല പോലീസ് മേധാവി ജയദേവ് നിര്‍വഹിക്കുന്നതാണ്.
Post Your Comments