ദോഹ : രണ്ടര വര്‍ഷമായി ഖത്തറിനുമേല്‍ സൗദി സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന. ഖത്തറും സൗദി സഖ്യ രാഷ്ട്രങ്ങളുമായുളള പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ ശരിവെച്ച് ഖത്തറും. നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നതായും പ്രതിസന്ധി തീരുന്ന കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവെന്നായിരുന്നു നേരത്തെ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തകള്‍ ശരിവെക്കുന്ന രീതിയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ പ്രതികരണം വന്നിരിക്കുന്നത്. തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇതിനകം നടന്നതായി അദ്ദേഹം റോമില്‍ പറഞ്ഞു. ഈ ചര്‍ച്ചകള്‍ക്ക് നല്ല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി റിയാദില്‍ അടിയന്തര അനൌദ്യോഗിക സന്ദര്‍ശനം നടത്തുകയും സൌദി ഭരണാധികാരികളെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോളിലേക്ക് സൗദിയും യു.എ.ഇയും ബഹ്‌റൈനും ടീമുകളെ അയച്ചത്. ഇതില്‍ സൗദി റിയാദില്‍ നിന്ന് നേരിട്ട് ദോഹയിലേക്ക് വിമാനമയച്ചാണ് ടീമിനെയെത്തിച്ചതെന്നതും ശ്രദ്ധേയമായി.
Post Your Comments