Latest NewsKeralaNews

കെഎഎസ് പരീക്ഷ നടത്തുന്നത് അതീവസുരക്ഷയില്‍ : ക്രമക്കേട് തടയാന്‍ കാമറകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടത്തന്നത് അതീവ സുരക്ഷയില്‍. പരീക്ഷയില്‍ ക്രമക്കേട് തടയാന്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിലും പൊലീസിനെ വിന്യസിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള്‍ വേണ്ടിവരുമെന്നാണ് പിഎസ് സിയുടെ കണക്കുകൂട്ടല്‍. 25,000 ഇന്‍വിജിലേറ്റര്‍മാര്‍ വേണ്ടിവരും. ഇതില്‍ പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനാണ് നീക്കം. പരീക്ഷാകേന്ദ്രമായി വിദ്യാലയങ്ങള്‍ വിട്ടുനല്‍കാനും നടപടിയെടുക്കും. അഞ്ചേമുക്കാല്‍ ലക്ഷം പേരാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 -നാണ് നടക്കുക. നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയില്‍ 5,47,543 പേരും സര്‍ക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാര്‍ക്കുള്ള രണ്ടാംധാരയില്‍ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള മൂന്നാംധാരയില്‍ 1750 പേരുമാണ് അപേക്ഷ നല്‍കിയത്.

പരീക്ഷയെഴുതുമെന്ന് ഡിസംബര്‍ 25-നകം അപേക്ഷകര്‍ പ്രൊഫൈലിലൂടെ ഉറപ്പുനല്‍കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഉറപ്പുനല്‍കിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവര്‍ക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button