ടെന്നസി: ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്‍ ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും.
മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍, 2018 മുതല്‍ വൈദ്യുതക്കസേരയിലൂടെ മരണം തിരഞ്ഞെടുക്കുന്ന ടെന്നസിയിലെ നാലാമത്തെ വ്യക്തിയായിരിക്കും ഹാള്‍. ഇത് സംസ്ഥാനത്തെ ജയിലുകളില്‍ വൈദ്യുതക്കസേരയിലൂടെ വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടു കഴിയുന്ന തടവുകാര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്.
ഹാളിന് മുമ്പ് വെദ്യുതക്കസേരയിലൂടെ അവസാനമായി വധിക്കപ്പെട്ട വ്യക്തി ഓഗസ്റ്റില്‍ സ്റ്റീഫന്‍ മൈക്കിള്‍ വെസ്റ്റ് ആയിരുന്നു. മാരകമായ വിഷമിശ്രിതം കുത്തിവെയ്ക്കുന്നതിനു പകരം ഹാളിനെപ്പോലെ വെസ്റ്റും വൈദ്യുതക്കസേര ആവശ്യപ്പെട്ടിരുന്നു. ഒരു അമ്മയെയും 15 വയസുള്ള മകളെയും ക്രൂരമായി വധിച്ചതിനാണ് വെസ്റ്റിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ കാത്തു കഴിയുന്ന മൂന്ന് തടവുകാരില്‍ രണ്ടുപേര്‍ 2019 ല്‍ വെസ്റ്റിനു മുമ്പ് വധിക്കപ്പെട്ട എഡ്മണ്ട് ജോര്‍ജ്ജ് സാഗോര്‍സ്കി, ഡേവിഡ് ഏള്‍ മില്ലര്‍ എന്നിവരായിരുന്നു. അവരും മാരകമായ കുത്തിവയ്പ്പിന് പകരം കസേര തിരഞ്ഞെടുക്കുകയായിരുന്നു.
കാമുകിയായ ട്രേസി ക്രോസിയറിനെ 1991 ല്‍ കാറില്‍ വെച്ച് 53-കാരനായ ഹാള്‍ തീകൊളുത്തി കൊല്ലുകയായിരുന്നു. ആ കുറ്റത്തിനാണ് വധശിക്ഷ. 1992 മുതല്‍ ഹാള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. 1999-നു മുമ്പ് വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ടെന്നസിയിലെ തടവുകാര്‍ക്ക് 1998-ല്‍ പ്രാബല്യത്തിലായ നിയമ പ്രകാരം മാരകമായ വിഷമിശ്രിതം കുത്തിവയ്പ്പിന് പകരം വൈദ്യുതക്കസേര തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്.
‘വൈദ്യുതക്കസേര അമേരിക്കയില്‍ അത്ര പ്രചാരമല്ല, കാരണം അത് വളരെ അക്രമാസക്തവും ക്രൂരവുമാണ്,’ ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് ഡന്‍ഹാം പറയുന്നു. വാസ്തവത്തില്‍, വൈദ്യുതക്കസേര ഉപയോഗിക്കുമ്പോള്‍ തടവുകാരുടെ തല പൊട്ടിത്തെറിക്കുന്നു, വോള്‍ട്ടേജ് പുനരാരംഭിക്കാന്‍ മാത്രം ഹൃദയ സ്പന്ദനം നിര്‍ത്തുന്നു. ഒരാളെ വധിക്കാന്‍ മൂന്ന് ഷോക്കുകളാണ് കൊടുക്കുന്നതത്രേ.
1880-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് വൈദ്യുതക്കസേര ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്നത്. തൂക്കിക്കൊല്ലലിന് കൂടുതല്‍ മാനുഷികമായ ഒരു ബദലായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. കസേര ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ ഒരു ദുരന്തമായിരുന്നുവെന്നും, അതിന്‍റെ ഫലമായി തടവുകാരന്റെ തലമുടി കരിഞ്ഞുപോകുകയും മുഖത്ത് നിന്ന് രക്തം ചീന്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വധശിക്ഷ നടപ്പിലാക്കുന്നത് നിരീക്ഷിക്കാന്‍ നിന്നവര്‍ക്ക് അവരുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത്ര ഭയാനകമായ കാഴ്ചയായിരുന്നുവത്രെ അത്. എന്നിരുന്നാലും, ഈ ഉപകരണം രാജ്യമെമ്പാടും അതിവേഗം പ്രചരിപ്പിക്കപ്പെട്ടു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കണക്കനുസരിച്ച് 1949 ഓടെ 26 സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്ന പ്രധാന മാര്‍ഗ്ഗമായി ഇത് മാറി.
എന്നിരുന്നാലും, തൂക്കിക്കൊല്ലുന്നത് പോലെ, ഇരുപതാം നൂറ്റാണ്ടില്‍ കസേരയുടെ പ്രശസ്തിയും വിവാദങ്ങളില്‍ പെട്ടു. വധശിക്ഷ നടപ്പിലാക്കാന്‍ മറ്റൊരു ‘മാനുഷിക’ മാര്‍ഗമായി 1977 ല്‍ മാരകമായ വിഷമിശ്രിതം കുത്തിവയ്പ്പ് അവതരിപ്പിച്ചു. അടുത്തിടെ, നെബ്രാസ്കയിലെയും ജോര്‍ജിയയിലെയും സംസ്ഥാന കോടതികള്‍ ഇതിന്‍റെ ഉപയോഗം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
വധശിക്ഷ നടപ്പാക്കുന്ന ടെന്നസിയിലെ തടവുകാര്‍ അവരുടെ വധശിക്ഷ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മാരകമായ കുത്തിവയ്പ്പും വൈദ്യുതക്കസേരയും യുഎസ് ഭരണഘടനയുടെ എട്ടാം ഭേദഗതി ലംഘിക്കുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്. ഈ ‘ക്രൂരവും അസാധാരണവുമായ ശിക്ഷ’ നിരോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി 2015 ല്‍ പുറപ്പെടുവിച്ച ഒരു വിധി പ്രകാരം ഒരു തടവുകാരന്‍ വധശിക്ഷ നടപ്പാക്കുന്ന രീതി ക്രൂരവും അസാധാരണവുമാണെന്ന് അവകാശപ്പെട്ടാല്‍, കൂടുതല്‍ മാനുഷികമായ രീതി എളുപ്പത്തില്‍ ലഭ്യമാക്കണമെന്നു പറയുന്നു.
പല സംസ്ഥാനങ്ങളിലെയും പോലെ ടെന്നസിയിലും വധശിക്ഷയുടെ പ്രാഥമിക രീതി മൂന്ന് മയക്കുമരുന്ന് കോക്ടെയ്ല്‍ ആണ്: ഒരു മരുന്ന് തടവുകാരനെ ഉറക്കുന്നു, മറ്റൊന്ന് നാഡീഞരമ്പുകള്‍ തളര്‍ത്തുന്നു, അതിനാല്‍ വേദന അനുഭവപ്പെടില്ല, മൂന്നാമത്തേത് ഹൃദയം നിര്‍ത്തി വധശിക്ഷ നടപ്പാക്കുന്നു.
കഴിഞ്ഞ ദശകത്തില്‍, തടവുകാരെ ഉറക്കാന്‍ ഉപയോഗിക്കുന്ന സോഡിയം തയോപെന്‍റല്‍ എന്ന മരുന്ന് കമ്പനിയായ ഹോസ്പിറ ഉല്‍പ്പാദനം നിര്‍ത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെന്നസി ഉള്‍പ്പെടെ വധശിക്ഷ ഇപ്പോഴും നിയമവിധേയമായിരുന്ന സംസ്ഥാനങ്ങള്‍ മിഡാസോലം എന്ന മറ്റൊരു മരുന്നിലേക്ക് തിരിയാന്‍ തുടങ്ങി. എന്നിരുന്നാലും, സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തതുപോലെ, വധശിക്ഷകളിലെ നിരവധി സങ്കീര്‍ണതകളുമായി മിഡാസോലം ബന്ധപ്പെട്ടിരിക്കുന്നു.
ഒഹായോ, അലബാമ, ടെന്നസി എന്നിവയെല്ലാം മിഡാസോലം ഉള്‍പ്പെടുന്ന സമാനമായ എക്സിക്യൂഷന്‍ പ്രോട്ടോക്കോളുകളാണ് ഉപയോഗിക്കുന്നതെന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പറയുന്നു.
ഗ്ലോക്കോമ കാരണം കണ്ണു കാണാന്‍ കഴിയാത്ത ലീ 1976 ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം ഒരു സംസ്ഥാനത്ത് വധിക്കപ്പെടുന്ന ആദ്യത്തെ അന്ധനായ വ്യക്തിയും ആയിരിക്കും.
ഹാളിന്‍റെ വധശിക്ഷ തടയാന്‍ ഇടപെടില്ലെന്ന് ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
‘ഇന്നലെയും ഇന്നും മാത്രമല്ല ടെന്നസി സുപ്രീം കോടതിയുടെ അധിക അവലോകനങ്ങളും വിധികളും ഉള്‍പ്പെടെ 30 വര്‍ഷത്തിലേറെയായി ലീ ഹാളിന്‍റെ കേസ് നീതിന്യായ വകുപ്പ് വിപുലമായി അവലോകനം ചെയ്തിട്ടുണ്ട്,’ ഗവര്‍ണ്ണറുടെ പ്രസ്താവനയില്‍ പറയുന്നു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments