അയ്യപ്പന്‍ ഒരു പുരാണ ദേവന്‍ അല്ലാത്തതിനാല്‍ അദ്ദേഹത്തിന് ചുറ്റുമുള്ള കെട്ടുകഥകളും ഇതിഹാസങ്ങളും പുരാണങ്ങളിലും ഉപനിഷത്തുകളിലും കാണപ്പെടുന്നില്ല, മറിച്ച് ക്ഷേത്രപുരാണങ്ങളിലോ പ്രാദേശിക ക്ഷേത്ര ചരിത്രങ്ങളിലോ ആയാണ് അവ വിവരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലകാല വ്രതാനുഷ്ഠാനവും ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാ ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അറിഞ്ഞ് ആചരിക്കുന്നതാണ് ഗുണപ്രദം എന്ന് അറിയുക
കറുപ്പ് വസ്ത്രത്തിന് പിന്നിലെ തത്വം
ശബരിമല ദര്‍ശനത്തിന് എന്തുകൊണ്ട് അയ്യപ്പ ഭക്തര്‍ കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം. നീലയും കറുപ്പും അഗ്‌നിതത്വത്തിന്റെ പ്രതിരൂപമാണ്. അയ്യപ്പഭക്തന്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ അഗ്‌നിവര്‍ണമായ കറുപ്പിനെ അണിയുന്നതിലൂടെ താന്‍ ഈശ്വരതുല്യനായി മാറുന്നു എന്നാണ് അര്‍ത്ഥം. 41 ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനി ദോഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും വിശ്വാസമുണ്ട്. അതിനു പിന്നിലെ കഥ ഇങ്ങനെയാണ്. ആളുകളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു എന്ന് ഒരിക്കല്‍ അയ്യപ്പന്‍ ശനീശ്വരയോട് ചോദിക്കുകയുണ്ടായി.തന്റെ ധര്‍മമാണ് അത് എന്നായിരുന്നു ശനിയുടെ മറുപടി. ശനിദോഷം ഒരു വ്യക്തിയെ ബാധിക്കുന്നത് ഏഴ് വര്‍ഷത്തെ കാലയളവിലേക്കാണ്. 41 ദിവസത്തെ കഠിന വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഏഴ് വര്‍ഷത്തിനിടയില്‍ ശനി നല്‍കുന്നതിനു സമാനമായ കഠിന ജീവിതത്തിലൂടെയാകും അയ്യപ്പ ഭക്തര്‍ കടന്നു പോവുക. അങ്ങനെയെങ്കില്‍ തന്റെ ഭക്തരെ ശനിയുടെ ഉപദ്രവത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് അയ്യപ്പന്‍ ആവശ്യപ്പെട്ടു. പകരം ശനിയുടെ നിറങ്ങളായ കറുപ്പ്, നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഭക്തര്‍ ധരിക്കുമെന്നും അയ്യപ്പന്‍ ശനിക്ക് ഉറപ്പ് നല്‍കി.
Post Your Comments