നെടുങ്കണ്ടം: തൂക്കുപാലത്തുനിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും കാമുകന്മാരെയും തമിഴ്നാട്ടില്‍നിന്നും ഒഡീഷയില്നിന്നുമായി പിടികൂടി. 15 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ പ്രത്യേക സ്ക്വാഡ് കമിതാക്കളെ കണ്ടെത്തിയത്. കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി. രാജ്മോഹന്‍, നെടുങ്കണ്ടം സി.ഐ: സി. ജയകുമാര്‍, നെടുങ്കണ്ടം എസ്.ഐ എസ്.കിരണ്‍, ജില്ല സൈബര്‍ സെല്‍ എന്നിവരടങ്ങിയ സംഘമാണു കമിതാക്കളെ കണ്ടെത്തിയത്.
അന്‍വര്‍ എന്നയാള്‍ക്കൊപ്പം പോയ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ കരൂരില്നിന്നും അന്‍ഷാദ് എന്നയാള്‍ക്കൊപ്പം പോയ പെണ്‍കുട്ടിയെ ഒഡീഷയിലെ ഖണ്ഡഗിരിയില്നിന്നുമാണു കണ്ടെത്തിയത്.തൂക്കുപാലത്തുനിന്നും കാണാതായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇതിനിടെ കമിതാക്കള്‍ വില കുറഞ്ഞ ഫോണുകള്‍ വാങ്ങി ഉപയോഗിച്ച ശേഷം നശിപ്പിച്ചിരുന്നു.
പുതിയ ഫോണുകള്‍ വാങ്ങി ഒരോ തവണയും പുതിയ സിമ്മുകളാണ് ഉപയോഗിച്ചിരുന്നത്. ഇതും അന്വേഷണത്തിനു തടസം സൃഷ്ടിച്ചു.ആറു മാസം ബംഗളൂരുവില്‍ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങാനായിരുന്നു കമിതാക്കളുടെ പദ്ധതി. എന്നാല്‍ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു.നവംബര്‍ 19 നു സ്കൂളിലേക്കു പുറപ്പെട്ട പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു.
കാമുകന്മാര് ഒരു ലക്ഷത്തോളം രൂപയടക്കം സംഭരിച്ചാണ് മുങ്ങിയത്. ഇവരുടെ ഫോണുകള്‍ തുക്കുപാലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തി.
Post Your Comments