വിലപ്പെട്ട രേഖകളും പണവും മോഷ്ടിച്ച കള്ളന് കത്തെഴുതി മാധ്യമപ്രവര്‍ത്തകന്‍. പ്രിയപ്പെട്ട കള്ളന്‍സ് എന്ന അഭിസംബോധനയോടെയാണ് ഹംസ ആലുങ്കല്‍ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍, ഐഡി കാര്‍ഡുകള്‍ തുടങ്ങി നിരവധി രേഖകള്‍ പഴ്‌സിലുണ്ടായിരുന്നു. 5000 രൂപയും. പണമെടുത്തോളൂ. ”രേഖകളുടെ ആവശ്യം കഴിഞ്ഞുവെങ്കില്‍ അതൊന്നെത്തിച്ചുതരണേ. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതിനി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തേക്കൂ. പാന്‍കാര്‍ഡ് എനിക്കുതന്നെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല, ഒരു ഫോട്ടോകോപ്പി എടുത്തുവെക്കാനും പറ്റിയിട്ടില്ല. ആ രേഖകള്‍ കിട്ടിയിട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്ന് ഹംസ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട കള്ളന്‍സ്..ആ പണമെടുത്തോളൂ…
രേഖകള്‍ എത്തിച്ചു തരണേ
കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളത്തുനിന്ന് ഓഫിസിലേക്കു സിറ്റി ബസില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ പേഴ്‌സ് പോക്കറ്റടിച്ചുപോയി. വൈകുന്നേരത്തെ തിരക്കിനിടയില്‍ പുഷ്പ ജംഗ്ഷനില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.
ജീവിതത്തിലാദ്യമായി ഒരു പോക്കറ്റടിക്കു വിധേയനായപ്പോള്‍ ഞാന്‍ ശരിക്കും പകച്ചുപോയി.
5000 രൂപക്കടുത്തേ അതിലുണ്ടായിരുന്നുള്ളൂ. എങ്കില്‍ പോലും തല്‍ക്കാലത്തേക്ക് എന്നെ ദരിദ്രവാസിയാക്കാന്‍ അതുമതിയായിരുന്നു.
മറ്റനേകം രേഖകളും അതിലുണ്ടായിരുന്നു എന്നതിനാല്‍ പണമെടുത്ത ശേഷം രേഖകള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരേ. ഒന്നും കാണാത്തതിനാലാണ് ഇങ്ങനെയൊരു എഴുത്ത്. ലോകത്തിലെ ഏതു തപാല്‍ വകുപ്പിനാണ് മേല്‍വിലാസമില്ലാത്ത നിങ്ങള്‍ക്കൂ കുറിപ്പ് എത്തിച്ചുതരാനാവുക എന്നറിയില്ലെങ്കിലും ഇങ്ങനെ ഒരുകുറിപ്പ് ഇവിടെ യെങ്കിലും പോസ്റ്റു ചെയ്യട്ടെ.
വരുമെന്നു പറഞ്ഞില്ലെങ്കിലും വരവു പ്രതീക്ഷിച്ചിരിപ്പായിരുന്നു ഇത്രനാളും. എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പ്രസ് ക്ലബിന്റെയും പത്രത്തിന്റെയും പ്രസ് കാര്‍ഡ്, തുടങ്ങിയ അനേകം രേഖകളാണ് അതിലുണ്ടായിരുന്നത്.
കസബ സ്റ്റേഷനില്‍ ഒരു പരാതിയൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും അതൊന്നും താങ്കളെ ഉപദ്രവിക്കാനല്ല കെട്ടോ, പണമെടുത്തോളൂ. രേഖകളുടെ ആവശ്യം കഴിഞ്ഞുവെങ്കില്‍ അതൊന്നെത്തിച്ചുതരണേ. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതിനി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തേക്കൂ. പാന്‍കാര്‍ഡ് എനിക്കുതന്നെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല, ഒരു ഫോട്ടോകോപ്പി എടുത്തുവെക്കാനും പറ്റിയിട്ടില്ല.
ആ രേഖകള്‍ കിട്ടിയിട്ട് ഒരുപാട് ആവശ്യങ്ങളുണ്ട് സഹോ.
ഒരു വീടുപണി തുടങ്ങിയിട്ടുണ്ട്. രേഖകള്‍ നഷ്ടപെട്ടതിനാല്‍ തുടങ്ങിയിടത്തുതന്നെയാണ്.
പഞ്ചായത്തിലും വില്ലേജ് ഓഫിസിലും മറ്റും ആ രേഖകള്‍ കാണിച്ചെങ്കിലേ അതിന്റെ പ്രവര്‍ത്തി മുന്നോട്ടുപോകാനാകൂ. അതില്ലാത്തതിനാല്‍ ഒരു വീടിന്റെ തറ അനാഥമായി കിടക്കുകയാണ്.
എം.സി.സി ബാങ്ക് സ്റ്റോപ്പില്‍ നിന്നാണ് നിങ്ങള്‍ മൂന്നുപേരു കയറിയതെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. മൂന്നുപേര്‍ക്ക് 5000 രൂപകൊണ്ട് ഒന്നുമാകില്ലെന്നറിയാം. എന്നാലും ആ രേഖകളെങ്കിലും ഒന്നെത്തിച്ചു തന്നുകൂടെ. എന്റെ നമ്പറുണ്ടല്ലോ അതില്‍.
വീട്ടിലെ വിലാസവും ഓഫിസ് വിലാസവും ഉണ്ടല്ലോ. തപാലിലോ കൊറിയറായോ അയച്ചാല്‍ മതി. മറക്കരുത്. മറ്റു വിശേഷങ്ങളൊന്നുമില്ല. താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നേര്‍ന്നുകൊണ്ട് സഹോദരന്‍
ഹംസ ആലുങ്ങല്‍
വിലാസം കൂടി ഇതാ…
ഹംസ ആലുങ്ങല്‍
ചീഫ് സബ് എഡിറ്റര്‍
സുപ്രഭാതം ദിനപത്രം ഫ്രാന്‍സിസ് റോഡ് കോഴിക്കോട് 3 മൊബൈല്‍ 9946570745
https://www.facebook.com/photo.php?fbid=2829931200390971&set=a.192468644137253&type=3
Post Your Comments