ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം “നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും” എന്ന് അവർക്കു ദേവിയുടെ അരുൾപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ ദേവി അവർക്കു ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എത്തിച്ചേർന്ന സമയം രാത്രി ആയതിനാൽ ദേവി രൗദ്രഭാവമായ കാളിയായി മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നത്.
ആദിപരാശക്തിയായ ഭദ്രകാളിയാണ് “മലയാലപ്പുഴ അമ്മ”. ദാരികവധത്തിന് ശേഷം പ്രദർശിപ്പിച്ച രൗദ്രഭാവത്തിൽ ആണ് പ്രതിഷ്ഠ. ദുർഗ്ഗ, ലക്ഷ്മീ, സരസ്വതീ സങ്കല്പങ്ങളിലും ആരാധിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം.
നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5മലകള്‍ കാവലുള്ള മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തി കരഞ്ഞു പ്രാർത്ഥിച്ചാൽ മതി ആഗ്രഹസഫലീകരണം ഉണ്ടാകുന്നുവെന്നതാണ് വിശ്വാസം.അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ദേവി കുടികൊള്ളുന്നത്.
Post Your Comments