തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും വരള്‍ച്ചയും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനം. ജല സംബന്ധമായ വിവരങ്ങള്‍ ഏതൊരാള്‍ക്കും തത്സമയം അറിയാന്‍കഴിയുന്ന ജലവിഭവ വിവര സംവിധാനം (കേരളവാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ജലസേചനവകുപ്പിന്റെ നേതൃത്വത്തിലാണ് സംവിധാനം തയാറാക്കുന്നത്. സംസ്ഥാനത്തെ ഡാമുകള്‍, തടയണകള്‍, മറ്റ് ജല സംഭരണികള്‍, ഭൂഗര്‍ഭജലം എന്നിവുടെ തത്സമയ വിവരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ട കൂടിയാലോചന തിരുവനന്തപുരം ഐഎംജിയില്‍ നടന്നു. ജിയോ ഡാറ്റാബോര്‍ഡിന്റെ രൂപകല്പന, വിവരശേഖരണത്തിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ജലഓഡിറ്റ്, ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച നടന്നു. ആന്ധ്രാപ്രദേശില്‍ നടപ്പിലാക്കിയിട്ടുള്ള ജലവിഭവ വിവര വിനിയോഗ സംവിധാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ജലവിഭവ വിവര സംവിധാനം തയാറാക്കുന്നത്.
പ്രളയം, വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങളെ മുന്‍കൂട്ടികാണുകയും ശാസ്ത്രീയമായ വിശകലനങ്ങളിലൂടെ നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കുകയും ചെയ്യുകയെന്നതാണ് ഉദ്ദേശ്യം. പുതിയ ജലസേചന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും കൂടുതല്‍ മേഖലകളിലെ കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. 3.8 കോടിയുടെ പദ്ധതിക്ക് റീബില്‍ഡ് കേരളയുടെ ഉന്നതതല എംപവേര്‍ഡ് കമ്മിറ്റി ഭരണാനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments