ചെന്നൈ: തമിഴ്നാട്ടില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മൂന്നു ദിവസത്തിനിടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.റെയില്‍പാളത്തിലേക്ക് വൃക്ഷങ്ങളും പാറകളും മണ്ണും ഇടിഞ്ഞുവീണ് മേട്ടുപ്പാളയം-ഉൗട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. അണ്ണാ സര്‍വകലാശാല ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ റദ്ദാക്കി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മരിച്ച 25 പേരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായധനം അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. ഒട്ടേറെ വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. വ്യാപക കൃഷിനാശമാണ് സംഭവിച്ചത്.
സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നുവരുന്നു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
Post Your Comments