ആചാര-അനുഷ്ടാനങ്ങള്‍ കൊണ്ട് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള ശബരിമല ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ച്…
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷം ഏതാണ്ട് 5 കോടി തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ടെന്നാണ് കണക്കാക്കുന്നത്. അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതല്ല ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ചിലവാദങ്ങളുണ്ട്. ബുദ്ധഅനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം കൊണ്ട് ഈ വാദത്തെ അവര്‍ ന്യായീകരിക്കുന്നുണ്ട്. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണ് കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്.
മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ നട തുറന്ന് പൂജ നടത്താറില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. എല്ലാ മലയാള മാസത്തിലെ ആദ്യ അഞ്ചു ദിവസളിലും നട തുറക്കും. വിഷുക്കണി ദര്‍ശനം, നിറപുത്തരി, ചിത്തിര ആട്ടത്തിരുനാള്‍, പ്രതിഷ്ഠാദിനം, പൈങ്കുനി ഉത്രം എന്നിവയും വിശേഷങ്ങളാണ്. മീന മാസത്തിലെ പൈങ്കുനി ഉത്രമാണ് ശബരിമലയിലെ ധര്‍മശാസ്താവിന്റെ/അയ്യപ്പന്റെ പിറന്നാള്‍ എന്ന് സങ്കല്‍പം. അന്ന് ആറാട്ട് വരത്തക്കവിധത്തിലാണ് 10 ദിവസത്തെ ചടങ്ങോടു കൂടിയാണ് ഉല്‍സവാഘോഷം.
ആദ്യം ശബരിമലയില്‍ ധര്‍മ്മശാസ്താവിന്റ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട് അതിലേക്ക് ബ്രഹ്മചാരി സങ്കല്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്നുമാണ് ഒരു ഐതിഹ്യം. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമല ക്ഷേത്രത്തിന്റ മൂലസ്ഥാനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെ പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കെന്നുമാണ് വിശ്വാസം. പിന്നീട് മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പ്പൂര ആരതിയാണ് മകരവിളക്ക് എന്നു പറയുന്നു.
പൊന്നമ്പലമേട്ടില്‍ ഉള്ള ക്ഷേത്രത്തിന്റെ മുകളില്‍ കാണുന്ന നക്ഷത്രമാണ് മകരവിളക്ക് എന്ന് വാദികുന്നവരുണ്ട്. നിലവില്‍ ഇതിന് അധികാരികമായ തെളിവില്ല. മലവേടന്‍മാരെ മാറ്റി ഇപ്പോള്‍ മകരജ്യോതി തെളിയിക്കുന്നത് തങ്ങളുടെ ജീവനക്കാരും അയ്യപ്പസേവാസംഘവുമാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യമായി പറഞ്ഞിരുന്നു.
ശബരിമലയ്ക്ക് പോകുന്ന വിശ്വാസികള്‍ 41 ദിവസത്തെ വ്രതം എടുക്കുകയും ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന തുണികൊണ്ടുള്ള ഒരു കെട്ട് ആചാരപ്രകാരം കൊണ്ടുപോകുയും ചെയ്യുന്നുണ്ട്. രണ്ട് വശങ്ങളുള്ള കെട്ടിനുള്ളില്‍ മുന്‍ വശത്ത് ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങളും മുദ്ര എന്നറിയപ്പെടുന്ന നെയ് നിറച്ച തേങ്ങ എന്നിവയും പുറക് വശത്ത് പച്ചരി, നാളികേരം തുടങ്ങിയവയുമായിരിക്കും. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നുതെന്നാണ് വിശ്വാസം. വിശ്വാസികള്‍ പിന്നെ പ്രാധാന്യമുള്ളത് ക്ഷേത്രത്തിലേക്ക് കയറുന്നതിനുള്ള 18-ാം പടിയും മലകളുമൊക്കെയാണ്. ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങളെ പ്രതിനിധീകരിച്ചാണെന്നാണ് പറയുന്നത്. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്. ഇത് ബുദ്ധിസത്തിലുള്ള ആശയമാണെന്നും വാദിക്കുന്നവരുണ്ട്. 18 മലകള്‍ ഇവയാണ്- ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.
ശബരിമലയില്‍ ആദ്യം സ്ഥാപിച്ചിരുന്ന വിഗ്രഹം ശാസ്താവിന്റെതാണെന്നും ശാസ്താവ് എന്നത് പുരാണ പുരഷനാണെന്നുമാണ് ഡോ. കാനം ശങ്കരപിള്ള പറയുന്നത്. അദ്ദേഹം തുടരുന്നു- ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിക്കാം എന്നു വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവും. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ച ശാസ്താ /ബുദ്ധ വിഗ്രഹം നശിപ്പിച്ചു കഴിഞ്ഞു പുതിയ വിഗ്രഹം പ്രതിഷ്ടിച്ച ഒരു മനുഷ്യ പുത്രന്‍ ആയിരുന്നു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുള്ള അയ്യപ്പന്‍. അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടപ്പോള്‍ പിന്നെ പ്രതിഷ്ഠച്ചത് അയ്യപ്പ വിഗ്രഹമോ ശാസ്താ വിഗ്രഹമോ എന്നറിയണമെങ്കില്‍ ധ്യാനശ്ലോകം ഏതെന്നറിയണം. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പുലി വാഹനനാണ്. ശങ്കരപിള്ള പറഞ്ഞു നിര്‍ത്തുന്നു.
1950-ല്‍ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നിരുന്നാലും നാളിതുവരെ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരിലാണ് അവിടം അറിയപ്പെട്ടിരുന്നത്.
Post Your Comments