
ഭോപ്പാല്‍ : ഇന്ത്യ കണ്ട ആ വലിയ ദുരന്തത്തിന് ഇന്ന് 35 വയസ്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 35 ആം വാര്‍ഷികമാണ് ഇന്ന്. 1984 ഡിസംബര്‍ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലില്‍ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാല്‍ ദുരന്തമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല.
അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി. തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ സംഭരണിയില്‍ ചോര്‍ച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയില്‍ നിന്ന് വിഷവാതകങ്ങള്‍ ഭോപ്പാലിന്റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളില്‍ നീറ്റലനുഭവപ്പെടത്തിനെതുടര്‍ന്ന് ഭോപ്പാല്‍ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു… നേരം പുലര്‍ന്നപ്പോഴേക്കും ഭോപ്പാല്‍ ശവപ്പറമ്പായി മാറിയിരുന്നു. 3787 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍.
35 വര്‍ഷത്തിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ല. അര്‍ബുദ രോഗങ്ങളോട് മല്ലിടുന്നവര്‍, വൈകല്യം ബാധിച്ചവര്‍, അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായവര്‍… ദുരന്തത്തിന്റെ വേട്ടയാടല്‍ ഇപ്പോഴും ഭോപ്പാലിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് മൂന്ന് തലമുറകള്‍ക്ക് ശേഷമുള്ള സ്ത്രീകളില്‍ പലര്‍ക്കും അമ്മയാകാന്‍ സാധിച്ചിട്ടില്ല. അര്‍ഹമായ നഷ്ടപരിഹാരത്തിനായി നിരവധി പേര്‍ ഇപ്പോഴും നിയമയുദ്ധത്തിലാണ്.
യൂണിയന്‍ കാര്‍ബൈഡ് കമ്പനി നാമമാത്രമായ നഷ്ടപരിഹാരം നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ മരണം വരെ ഇന്ത്യയില്‍ കാല്‍കുത്താതെ രക്ഷപ്പെട്ടു. ദുരന്തത്തിന്റെ മായാത്ത ഓര്‍മകള്‍ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും ജീവിതം തള്ളിനീക്കുന്നു.
Post Your Comments