കോട്ടയം : കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ വിവാദ വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീ ആയതിനു ശേഷം വൈദികര്‍ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചുവെന്നും,ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി പുരോഹിതര്‍മാര്‍ ലൈംഗിക ചൂഷണം നടത്താറുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അസാധാരണ വൈകൃതങ്ങളാണ് അവർ അനുഭവിക്കാറുള്ളതെന്നും, മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിച്ചു.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസിയെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ മഠത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ധാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിൽ നൽകിയ അപ്പീൽ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. തുടർന്നു വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലില്‍ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുള്‍പ്പെട്ട കേസുകളും ചൂണ്ടിക്കാട്ടുന്നു.
Post Your Comments