ഭോപാൽ: പലവട്ടം പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട ബാൽകിഷൻ ചൗബെയെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. മധ്യപ്രദേശിലെ ഛത്തർപുർ പൊലീസാണ് വ്യത്യസ്തമായ രീതിയിൽ കുറ്റവാളിയെ പിടിച്ചത്. പതിനഞ്ചോളം കൊലപാതക കേസുകളിലും മധ്യപ്രദേശ്–ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ചൗബെ.
ഛത്തർപുർ നൗഗാവ് പൊലീസ് സ്റ്റേഷനിൽ നിയമിതയായ വനിത എസ്ഐ മാധ്വി അഗ്നിഹോത്രി പ്രതിയെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. അപകടകാരിയായ ചൗബെയെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. എപ്പോഴും ഇയാളുടെ കയ്യിൽ ആയുധവും കാണും. പക്ഷേ ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ചൗബെയെ തിരിച്ചറിയാനും ബന്ധപ്പെടാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചൗബെയ്ക്ക് സ്ത്രീകളോടുള്ള താൽപര്യം മനസിലാക്കിയ മാധ്വി ആ വഴിക്ക് മുന്നോട്ടുപോകാൻ തീരുമാനിച്ചു.
മാധ്വി പൊലീസ് അധികൃതരുടെ സഹായത്തോടെ ചൗബെയുടെ ഫെയ്സ്ബുക് നിരീക്ഷിക്കാൻ തുടങ്ങി. രാധ ലോധി എന്ന പേരിൽ ചൗബെയുമായി സംഭാഷണവും ആരംഭിച്ചു. ഛത്തർപുർ സ്വദേശിയാണെന്നും ഡൽഹിയിലാണ് ജോലിയെന്നുമാണു ചൗബെയോട് പറഞ്ഞത്. മൂന്നു ദിവസം സംസാരിച്ചപ്പോഴേക്കും ചൗബെ വിവാഹാഭ്യർഥന നടത്തി. വിവാഹത്തിന് മുൻപു നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം ഛത്തർപുറിൽ എത്തുമെന്ന് മാധ്വി ചൗബെയോട് പറഞ്ഞു. യുപി–മധ്യപ്രദേശ് അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ചു കാണാമെന്നു തീരുമാനിച്ചു. കൃത്യമായ മുന്നൊരുക്കത്തോടു കൂടിയാണ് പൊലീസ് ക്ഷേത്രത്തിലെത്തിയത്. അവിടെവെച്ച് പ്രതിയെ പൊലീസ് പിടികൂടി.
Post Your Comments