കൊൽക്കത്ത: പച്ചക്കറിക്കടയിൽ മോഷണത്തിന് കയറിയ കള്ളൻ മോഷ്ടിച്ചത് പണപ്പെട്ടി അല്ല പകരം സവാള ആണ്. രാജ്യത്തു സവാള വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 രൂപയിൽ അധികമാണ് സവോളയുടെ വില. പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്നാപ്പൂർ ജില്ലയിലെ പച്ചക്കറി കടയിൽ നിന്നുമാണ് അമ്പതിനായിരത്തിൽ പരം രൂപയുടെ സവോള മോഷണം പോയത്. തിങ്കളാഴ്ച രാത്രിയാണ് മോഷ്ടാക്കൾ കടയിൽ അതിക്രമിച്ചുകയറിയത്. ചൊവ്വാഴ്ച കട തുറന്നപ്പോഴാണ് കടയിൽ മോഷണം നടന്ന വിവരം കട ഉടമയായ അക്ഷയ് ദാസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ പണപ്പെട്ടിയിൽ നിന്നും ഒരു രൂപ പോലും മോഷണം പോയിരുന്നില്ലെന്നും അക്ഷയ് ദാസ് പറഞ്ഞു. സവാളയും വെളുത്തുള്ളിയും മാത്രമാണ് മോഷണം പോയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേരളത്തിലും സവാള വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. ഡൽഹിയിലെ വിലയായ 80 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സ്ഥിതി ഭേദം. സംസ്ഥാനത്തെ ഹോർട്ടികോർപ് വില്പനശാലകളിൽ ഒരു കിലോ സവാളയ്ക്ക് 60 രൂപ ഈടാക്കുമ്പോൾ 40 രൂപയ്‌ക്ക് കിട്ടുന്ന ഇടങ്ങളുമുണ്ട്.തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്.
ഉത്തരേന്ത്യയിലെ അത്ര വിലക്കയറ്റം ഈ സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തതുകൊണ്ടാണ് കേരളത്തിലും സ്ഥിതി അത്ര ഭീകരമാകാത്തത്. വിലക്കയറ്റത്തിന് തൊട്ടുമുമ്പ് 33 രൂപയായിരുന്നു സവാള വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 19 രൂപ മാത്രം ആയിരുന്നു. ചെറിയ ഉള്ളിയുടെ വില 63 ൽ നിന്ന് 59 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടിയ വിലയാണ്. ഇത്തവണത്തെ കനത്ത മഴയാണ് രാജ്യത്തെ സവാള കർഷകർക്ക് തിരിച്ചടിയായത് .
Post Your Comments