ഹൈദരാബാദ് : ഹൈദരാബാദിൽ വീണ്ടും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവം നടന്നത് മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ ആണ്. മരിച്ച യുവതിക്ക് 35 വയസ്സ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, യുവതിയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
വെറ്ററിനറി ഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവവും. വ്യാഴാഴ്ചയാണ് വെറ്ററിനറി ഡോക്ടറായ പ്രിയങ്കാ റെഡ്ഡിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതശരീരം കത്തിച്ച നിലയില്‍ ഷാദ്‌നഗറിലെ പാലത്തിനു താഴെ നിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇതിനിടെ സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments