ലഖ്നൗ: ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് ഒരു സ്കൂള്‍. ഉത്തര്‍പ്രദേശിലെ ഉള്‍പ്രദേശമായ സോണ്‍ഭദ്ര ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിലാണ്
സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഗുരുതര വീഴ്ച വരുത്തിയത്. സ്കൂളിലെ പാചകക്കാരി തിളച്ച വെള്ളം നിറച്ച ബക്കറ്റില്‍ ഒരു ലിറ്റര്‍ പാല് കലക്കുന്നതും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന്റേയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൈയില്‍ സ്റ്റീല്‍ ഗ്ലാസുമായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേര്‍പ്പിച്ച പാല് നല്‍കുന്നതും ഗ്രാമപഞ്ചായത്ത് അംഗം പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം.
ആകെ 171 വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളിലുള്ളത്. പാല് വിതരണം ചെയ്ത ദിവസം 81 പേരാണ് എത്തിയത്. സംഭവം വിവാദമായതോടെ സ്കൂളില്‍ അടിയന്തിരമായി പാല് വിതരണം ചെയ്തെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്കൂളില്‍ ആകെ ഒരുപാക്കറ്റ് പാല് മാത്രമാണുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് വെള്ളത്തില്‍ പാല് കലക്കി വിതരണം ചെയ്തതെന്നും പാചകക്കാരിയായ ഫൂല്‍വന്തി പറഞ്ഞു. എന്നാല്‍ സ്കൂളില്‍ കൂടുതല്‍ പാല് ഉണ്ടെന്ന് പാചകക്കാരി അറിഞ്ഞിരിക്കില്ലെന്നാണ് അദ്ധ്യാപകരുടെ വാദം. ഒരു നേരത്തെ ഭക്ഷണത്തിനായി സ്കൂളിനെ ആശ്രയിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളതെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments