മുംബൈ: ‘ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രമിക്കണം’. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയച്ച കത്തിലെ വാചകങ്ങളാണ് ഇത്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച് സഖ്യം രൂപീകരിക്കാനിടയാക്കിയ അസാധാരണ സാഹചര്യങ്ങളാണ് കത്തിൽ വ്യക്തമാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് സോണിയ ഗാന്ധി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്.
കര്‍ഷകര്‍ വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒരു പൊതു മിനിമം പരിപാടിയുണ്ട്. അത് നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രമിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും സോണിയാ ഗാന്ധി കത്തില്‍ വ്യക്തമാക്കി. താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്നെനേരിട്ടു കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സോണിയാ ഗാന്ധി കത്തില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന ഉദ്ധവിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അവര്‍ കത്തില്‍ പറഞ്ഞു.
ALSO READ: അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല, ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്. ബിജെപിക്കെതിരായ പുതിയ സഖ്യത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. സ്ഥിരതയുള്ളതും പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതുമായ ഒരു മതേതര സര്‍ക്കാരായിരിക്കും മഹാരാഷ്ട്രയില്‍ ഉണ്ടാവുക എന്ന കാര്യത്തില്‍ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments