നടന് ഷെയ്ന് നിഗം മുടിവെട്ടിയതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഷെയ്നെ തിരുത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷെയിനിനെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അഭിഭാഷകനായ ജഹാംഗീര്‍ രംഗത്തെത്തി. ‘ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന് വരെ ത്യജിച്ച മനുഷ്യരുടെ ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട അനിയാ, ഷെയിൻ നിഗം… Shane Nigam
പതിനൊന്ന് വയസ്സിന്റെ വ്യത്യാസമുള്ള രണ്ടു മനുഷ്യരാണ് നാമിരുവരും. ആ കാലഗണനയിലാണ് #അനിയാ എന്ന് അഭിസംബോധന ചെയ്തത്. മാത്രമല്ല നമുക്കിടയിൽ സമാനമായി തോന്നിയ രണ്ടു ദൗർബല്യങ്ങൾ, അവനവൻറെ കഴിവുകളിലെ അമിതമായ #ആത്മവിശ്വാസവും, മോശമല്ലാത്ത #അഹങ്കാരവുമാണ്. ഷെയിൻ ജനിക്കുന്നതിന് ഒരുപതിറ്റാണ്ട് മുൻപ് ജനിച്ച എനിക്ക് അമിതാത്മവിശ്വാസവും, അഹങ്കാരവും എൻ്റെ വ്യക്തിത്വത്തിലെ ദൗർബ്ബല്യങ്ങളാണെന്ന് തിരിച്ചറിയാൻ സമയമായിരിക്കുന്നു, ഷെയിനിന് ഇനിയും കാത്തിരിക്കേണ്ടി വരുമായിരിക്കാം എന്നതാണ് ദൗർഭാഗ്യകരം.!
പതിനെട്ടാം വയസ്സിൽ നായകനായി അരങ്ങേറിയ പൃഥ്വിരാജ്, മുപ്പത്തഞ്ച് വയസ്സോളം കാലം കാത്തിരിക്കേണ്ടി വന്ന മമ്മൂട്ടി, കഴിവും, പാടവവും, ശബ്ദവും, സൗന്ദര്യവും എല്ലാമുണ്ടായിട്ടും സിനിമയിൽ വിജയിക്കാതെ പോയ നിൻറെ പിതാവ് കലാഭവൻ അബി… തുടങ്ങിയ പതിനായിരക്കണക്കിന് ഭാഗ്യാന്വേഷികളും, വിജയിച്ചവരും പരാജയപ്പെട്ടവരും, അവഗണിക്കപ്പെട്ടവരും, ദുരന്ത നായകരും, സിനിമാഭ്രാന്തുമൂത്ത് വ്യക്തിജീവിതത്തിൽ ഭ്രാന്തായിപ്പോയവരുമായ മനുഷ്യരുടെ സ്വപ്നഭൂമികയിലാണ് കാലം നിന്നെ അടയാളപ്പെടുത്തിയത്.
ആ അടയാളപ്പെടുത്തലിൽ നിൻറെ ബാപ്പയോടുള്ള സ്നേഹസൗഹൃദങ്ങളുടെ പലിശയും, അദ്ദേഹം ബാക്കിവച്ച നന്മകളും കടപ്പാടുകളുമെല്ലാമുണ്ടായിരുന്നു. ഉപദേശമല്ല ഷെയ്ൻ, ഞാനതിന് യോഗ്യനുമല്ല. പക്ഷേ വലിയ ഔന്നത്യത്തിൽ നിന്ന് താഴേക്കു പതിക്കേണ്ടിവരുന്ന ഒരു ദുരന്തം മുന്നിലുണ്ട് എന്ന് ഓർമ്മപെടുത്തുക മാത്രമാണ് ഈ കുറിപ്പിലൂടെ ഞാനുദ്ദേശിക്കുന്നത്.
ഷെയ്ൻ…,
സിനിമ സമർപ്പണത്തിന്റെ കലയാണ് അനിയാ. 68 ആം വയസ്സിലും പുലർച്ചെ ജിമ്മിലേക്കെത്തുന്ന, അഞ്ചുമണിക്ക് മുൻപ് ഡബ്ബ് ചെയ്താൽ ശബ്ദം കൂടുതൽ മനോഹരമായിരിക്കുമെന്നു തിരിച്ചറിയുന്ന, വടക്കൻ വീരഗാഥയിലെ ചതിയൻ ചന്തുവിന്റെ ശബ്ദം പൗരുഷമുറ്റതാവട്ടെ എന്നാഗ്രഹിക്കുന്ന, മമ്മൂട്ടിമാർക്ക് അതിജീവിക്കാൻ കഴിയുന്ന ഇടമാണിത്. വേണ്ടിവന്നാൽ കഥകളിയും, ഭരതനാട്യവും, നാടകവും വിരൽത്തുമ്പുപോലും അഭിനയിക്കുന്ന മാന്ത്രികതയും ഒരുമിപ്പിക്കുന്ന മോഹൻലാൽമാരുടെ, കമൽഹാസൻമാരുടെ, സമർപ്പണം സന്യാസമാക്കിയ അമീർഖാൻമാരുടെ ലോകമാണ് അനിയാ സിനിമ.! ??
നിനക്ക് ഈ പണി പറ്റിയതാണെന്ന് മുഴുവൻ പ്രേക്ഷകരും ടെക്നീഷ്യന്മാരും ഉറക്കെ വിളിച്ചുപറയുകയും അവരുടെ സിനിമകളിലൂടെ അതടയാളപ്പെടുത്തുകയും ചെയ്യുമ്പോൾ, ഈ പണി എന്നെക്കൊണ്ട് ആവില്ലെന്ന് നീ നിലവിളിക്കുന്നത് ബോറാണ് അനിയാ. അതെന്തിൻറെ പേരിലായാലും. ഏതു ലഹരിക്കടിപ്പെട്ടിട്ടാണെങ്കിലും.! ??
ഷെയ്ൻ…,
മലയാള മാധ്യമങ്ങളിൽ എഡിറ്റോറിയൽ കോളമെഴുതുന്ന ഒരു അഭിഭാഷകനാണ് ഞാൻ. പുതിയൊരു വിഷയം വരുമ്പോൾ എത്രമേൽ ഉറക്കമിളച്ചാണ്, എത്ര റഫറൻസ് പുസ്തകങ്ങൾ വായിച്ചാണ്, എത്ര ഓൺലൈൻ പോർട്ടലുകളും ബ്ലോഗുകളും, സൈറ്റുകളും, വിവരശേഖരണ മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് ഒരു ലേഖനം പൂർത്തിയാക്കാൻ സാധിക്കുന്നതെന്ന് നിനക്ക് മനസ്സിലാവണമെന്നില്ല. പക്ഷേ “വെയിൽ” അടക്കമുള്ള നീ കമ്മിറ്റ് ചെയ്ത് ചതിച്ച സിനിമകളുടെ രചയിതാക്കളുടെ നോവ് നിനക്കറിയുമോ ഷെയ്ൻ. ഭാവനയിൽ കാണാനെങ്കിലും സാധിക്കുമോ സഹോദരാ…?!
സിനിമാ നിർമ്മാതാക്കൾ പണമുണ്ടാക്കാനും, കള്ളപ്പണം വെളുപ്പിക്കാനും, വ്യഭിചാരം അടക്കമുള്ള മറ്റുപല സ്വാർത്ഥ മോഹങ്ങളുമായി ഈ വ്യവസായ മേഖലയിൽ ഉണ്ടാവാം. നേരാണ്, ആത്യന്തികമായി ഇതൊരു വ്യവസായമാണ് ഷെയ്ൻ. പക്ഷേ ഇത് നിരവധി മനുഷ്യരുടെ സ്വപ്നങ്ങൾ കൂടിയാണ്. തള്ളക്കോഴി അടയിരുന്നു വിരിയിച്ച കുഞ്ഞുങ്ങൾക്ക് കാവലിരിക്കുന്നപോലെ അനേക ദിനങ്ങളുടെ തപസ്യക്കൊടുവിൽ എഴുതിയുണ്ടാക്കുന്ന തിരക്കഥാകൃത്തുക്കളുടെ സ്വപ്നവും അന്നവും അതിജീവനവും തൊഴിലുമാണ്. സംവിധായകരുടെ സ്വപ്ന സാക്ഷാത്കാരമാണ്. നീ സ്വപ്നം കാണാൻ പ്രായംപോലും ആകുന്നതിനു മുൻപ് താരമായതിന്റെ കുഴപ്പമാണ് ഷെയ്ൻ.
“വെയിൽ” എന്ന സിനിമയുടെ (ബാക്കി നീ കുഴപ്പത്തിലാക്കിയ മുഴുവൻ സിനിമകളുടെയും) നിർമ്മാതാക്കളെ വിടൂ. അവർ പട്ടിണി കിടന്നു ചാകാനൊന്നും പോകുന്നില്ല. അവർക്കൊക്കെ വിജയകരമായ വേറെയും ബിസിനസ്സുണ്ട്. പക്ഷേ ഇതിനുപിന്നിലോക്കെ ക്യാമറ ചുമന്ന ലൈറ്റ് ബോയ് മുതൽ നിൻറെ മുഖത്തു മേക്കപ്പിട്ട പച്ചമനുഷ്യർ തുടങ്ങി, നിനക്ക് ചായ കൊണ്ടുതന്ന നിത്യവൃത്തിക്കായി തൊഴിൽ ചെയ്യുന്ന മനുഷ്യർ തുടങ്ങി അതിൻ്റെ രചയിതാക്കളെയും സംവിധായകരെയുമെല്ലാം ഒരു നിമിഷമെങ്കിലും നീയോർത്തില്ലല്ലോ ഷെയ്ൻ. സിനിമ കൂട്ടായ്മയുടെ കലകൂടിയാണ് അനിയാ…! ??
മാറ്റമില്ലാത്തതായി ഒന്നുമാത്രം അത് മാറ്റം മാത്രമാണ് എന്ന് ദീര്‍ഘദര്‍ശിയായി പ്രവചിച്ചത് മഹാനായ കാള്‍ മാക്സ് ആണ്. ഭൂമിയിലെ ജീവിതത്തെ വിപ്ലവകരമായി മാറ്റിയവയുടെ കൂട്ടത്തിലാണ് അഗ്നിയും ചക്ക്രവും എല്ലാം പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. ആധുനിക ലോകത്തെ മാറ്റിമറിക്കുന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തം എന്ന് പറയുന്നത് ഇന്റര്‍നെറ്റ് തന്നെയാണ്, ഇതിനു മുൻപ് സിനിമയായിരുന്നു. ഇന്ന് ലോകത്തെ നിര്‍ണ്ണയിക്കുന്നതും, ഭരിക്കുന്നതും, ബന്ധപ്പെടുതുന്നതും, ചലനാത്മകമാക്കുന്നതും എല്ലാം ഇന്ടര്നെറ്റും സോഷ്യൽ മീഡിയകളും തന്നെയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ യാഥാസ്ഥികമായ എല്ലാത്തിനെയും പൊട്ടിച്ചെറിയുന്നതിന്റെ ഒരു സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നുണ്ട് സൈബര്‍ വിപ്ലവങ്ങള്‍, നവലോക മുന്നേറ്റങ്ങൾ. അറേബ്യന്‍ മരുഭൂമികളിലെ മുല്ലപ്പൂ വിപ്ലവം മുതല്‍, വാള്‍സ്ട്രീറ്റിലെ പിടിച്ചെടുക്കല്‍ സമരം തുടങ്ങി, അരവിന്ദ് കേജ്രിവാളിന്റെയും, അണ്ണാ ഹസാരെയുടെയും സമര വേലിയേറ്റങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മുന്നേറ്റങ്ങളിലൂടെ അതിപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ ഇമ്പീച്ച്മെൻറ് വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ.!!
എഴുപതുകളിലും, എൺപതുകളിലും എല്ലാം കേരളീയ മനസ്സാക്ഷിയുടെ ചിന്താപരിസരങ്ങളെ, ധിഷണാവ്യാപാരങ്ങളെ നിർണ്ണയിച്ചിരുന്നത്, സര്‍ഗ്ഗാത്മകവും, ക്രിയാത്മകവും, ചലനാത്മകവും, മൌലികതയുള്ള ആശയങ്ങളാല്‍ സമ്പന്നവുമായിരുന്ന നമ്മുടെ ക്യാമ്പസുകള്‍ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. കവികളും, ചിന്തകരും, രാഷ്ട്രീയ പ്രവര്‍ത്തകരും, വിമോചകരും, ഫെമിനിസ്റ്റുകളും, വിപ്ലവകാരികളും, അരാജകവാദികളും, എല്ലാവരും ഉണ്ടായിരുന്നു നമ്മുടെ ക്യാമ്പസുകളില്‍. മമ്മൂട്ടിയും മോഹൻലാലും സോമനും സുകുമാരനും നരേന്ദ്രപ്രസാദും വികെ ശ്രീരാമനും ശ്രീനിവാസനും എത്തിപ്പെട്ട ആ ധിഷണാപർവ്വങ്ങളിൽ എത്തിപ്പെടാനുള്ള യോഗവും നിനക്കുണ്ടായില്ല ഷെയ്ൻ.!!
ധിഷണാപരമായി ആ കാലഘട്ടം ഉയര്‍ത്തുന്ന നവോഥാന സാധ്യതകളെ കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത് എന്നതും നീ കേട്ടിട്ടുപോലുമുണ്ടാവില്ല ഷെയ്ൻ. പിന്നീട് ആഗോളീകൃതമായ ഒരു വിപണിയുടെ പ്രലോഭനങ്ങളില്‍ നമ്മുടെ യുവത്വം കാലിടറി വീണ്, അരാഷ്ട്രീയവാദികളായി പിടഞ്ഞുകൊണ്ടിരിക്കുന്നതും കേരളം കാണുന്നു ഷെയ്ൻ. നിർഭാഗ്യവശാൽ നീയാ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.!
അങ്ങനെ പത്രങ്ങളും ചാനലുകളും എല്ലാം നമ്മുടെ സാമൂഹ്യ സംവാദങ്ങളുടെ അജണ്ടകളെ നിശ്ചയിച്ചു തുടങ്ങിയ കാലവും ആവിർഭവിച്ചു. പത്ര മുത്തശ്ശിമാര്‍ ആളുകളെയും, പ്രസ്ഥാനങ്ങളെയും വാഴ്ത്താനും, വീഴ്ത്താനും തുടങ്ങി. ന്യൂസ് ചാനലുകള്‍ തുടങ്ങിയ ചില ആര്‍ജ്ജവമുള്ള പത്രപ്രവര്‍ത്തകര്‍ ഒളിച്ചുപിടിക്കപ്പെടാനുള്ള പല രഹസ്യങ്ങളെയും നിരദ്ദയം വെളിവാക്കി. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വ്യാപകമായി. പഴമയുടെ പെരുംപോരിശയില്‍ അഭിരമിക്കുന്ന മൂരാച്ചികളായ കാരണവന്മാരോട് ജീവിതാത്മീയതയുടെ അഭാവം ഇന്ധനമാക്കി കലഹിച്ചു കേരളത്തില്‍ ഒരു യുവത വളര്‍ന്നു. അവരെ അസൂയക്കാരും പെരുന്തച്ചന് കോമ്പ്ലെക്സ് ഉള്ളവരും ഫ്രീക്കന്മാര് എന്നും ന്യൂ ജനറേഷന് എന്നുമൊക്കെ “തെറിപ്പദങ്ങള്‍” വിളിച്ചു ഭര്സിച്ചുകൊണ്ടിരിക്കുന്നു. അവിടെയത്തി നില്ക്കുന്നു നമ്മുടെ വര്‍ത്തമാനം…!!
ഇപ്പോള്‍ നവമാധ്യമാക്കാലമാണ് ഷെയ്ൻ. കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങളായി കേരളത്തിന്റെ എഡിറ്റോറിയല്‍ ടസ്ക്കുകളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത് നവമാധ്യമങ്ങള്‍ ആണ്. മനുഷ്യര്‍ പരസ്പരം സംവദിക്കുന്ന, എഡിറ്റര്‍ എന്നത് ഒരു അശ്ലീല പദമായി കാണുന്ന, അതിരുകളില്ലാത്ത സ്വപ്നസമാനമായ നവമാധ്യമാക്കാലം. ഇന്ന് ഈ സമൂഹത്തെ നയിക്കുന്നത്, മാധ്യമങ്ങളുടെ സഞ്ചാരപഥങ്ങളെ നിര്‍ണ്ണയിക്കുന്നത്, രാഷ്ട്രീയ മുദ്രാവക്ക്യങ്ങള്‍, സമരങ്ങള്‍, നിശ്ചയിക്കുന്നത് നവമാധ്യമങ്ങള്‍ ആണ്. പഴയ മുഷിഞ്ഞതും, നാറുന്നതുമായ ചില ശീലങ്ങളെ, കീഴ്വഴക്കങ്ങള് എന്ന ദുര്‍വാശികളെ മാറ്റിയെഴുതുന്നതും നവമാധ്യമങ്ങള്‍ ആണ്.
ആ നിലയ്ക്ക് ഈ ലോകത്തെ അല്‍പ്പം കൂടി സുതാര്യവും , ജീവിക്കാന്‍ ഉതകുന്ന സത്യസന്ധമായ ഒരിടവുമാക്കിമാറ്റുന്നതില് നവമാധ്യമങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്ന കാലഘട്ടം സമാഗതമായത്തില് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ആഹ്ളാദിക്കാം എന്ന് തന്നെയാണ് ശുഭപ്രതീക്ഷ. അങ്ങനെ ഭൂതകാലതെക്ക് നോക്കുമ്പോള്‍ യുവതയുടെ അമ്ലമഴ പോലെ തീക്ഷ്ണവും പൊള്ളിക്കുന്നതുമായ ഈ പ്രതികരണ ശേഷി ഇല്ലാതിരുന്ന ഒരു കാലത്തെ നമുക്ക് നൊമ്പരത്തോടെ അടയാളപ്പെടുതെണ്ടി വരും . നിഷ്ക്കളങ്കനായിട്ടും നാം പെരുമഴയത്ത് നിര്‍ത്തി ഒലിച്ചുപോയി അലിഞ്ഞില്ലാതായ ഈച്ചരവാര്യരുടെ പൊന്നോമനപുത്രന് രാജന്റെ കാലത്തും, ദാരുണമായി കൊലചെയ്യപ്പെട്ട സിസ്റര്‍ അഭയയുടെ കാലത്തും , സൂര്യനെല്ലിയിലെ പാവം പെണ്‍കുട്ടിയുടെ വന്ന്യമായ വേട്ടയാടലിന്റെ കാലത്തും, ശാരിയുടെയും അനഘയുടെയും കാലത്തും, അധികാരദുര്മോഹികളുടെയും മാധ്യമങ്ങളുടെയും ആസുരദുരകളുടെ ഇരയായ നമ്പിനാരയാണന്റെ കാലത്തും , ഇടനെഞ്ചിലേക്ക് വെടിയുണ്ട ഏറ്റുവാങ്ങി വിപ്ലവകെരളത്തിന്റെ ആവേശമായ നക്സല്‍നേതാവ് അനശ്വരസഖാവ് വര്‍ഗീസിന്റെ കാലത്തും, എണ്ണിയാലൊടുങ്ങാത്ത അനീതികളുടെ പെരുമഴക്കാലത്തും ന്യൂ മീഡിയ ഇല്ലാതിരുന്നത് ചരിത്രത്തിന്റെ ദുരന്തമാണ്. അല്ലെങ്കില്‍ ഇവരുടെയൊക്കെ ചരിത്രം മറ്റൊന്നായി മാറിയേനെ.!
ഷെയ്ൻ…
ഇക്കാലത്തും സംവിധായകൻ ഓക്കെ എന്നു പറഞ്ഞിട്ടും, ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സർ എന്നുപറഞ്ഞു തൊഴിലിനെ സ്നേഹിച്ച്, ഓടുന്ന മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവൻ വരെ ത്യജിച്ച മനുഷ്യരുടെ ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓർക്കുന്നത് നന്നായിരിക്കും അനിയാ….
നീ മേൽപ്പറഞ്ഞ ജയനോ, സമർപ്പണത്തിന്റെ എക്കാലത്തെയും മകുടോദാഹരണം മമ്മൂട്ടിയോ, പ്രതിഭയുടെ അവസാനവാക്ക് മോഹൻലാലോ, യൗവന പക്വതയുടെ ജീവിക്കുന്ന വ്യക്തിത്വം പൃഥ്വിരാജോ ഒന്നുമാവേണ്ട. പക്ഷേ സഹപ്രവർത്തകരായ കലാകാരന്മാരുടെ അദ്ധ്വാനത്തിനും സമർപ്പണത്തിനും ആദരവും ബഹുമാനവും നൽകുന്ന കലാകാരന്മാരിൽ ഒരുവനായി മാറേണ്ടതുണ്ട് അനിയാ…
ഷെയ്ൻ…
നീ വടിച്ചുകളഞ്ഞ മുടിയും താടിയുമല്ല പ്രശ്നം. നിരവധി മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരമാവുന്ന പ്രൊജക്റ്റുകളാണ്. അവ സാക്ഷാത്ക്കരിക്കാൻ ചിലപ്പോൾ ത്യാഗങ്ങൾ വേണ്ടി വന്നേക്കും. അത്തരം ഘട്ടങ്ങളിൽ നിഷേധിയും അഹങ്കാരിയുമാകുമ്പോഴാണ് ഞാൻ നിന്നെയും എന്നെയും ഒരുപോലെ തിരിച്ചറിയുന്നത്. അമിതാത്മവിശ്വാസം വരെ ക്ഷമിക്കാവുന്നതാണ് അനിയാ. പക്ഷേ നമ്മുടെ അഹങ്കാരം നമ്മെ എവിടെയുമെത്തിക്കില്ല…
നീയിതുവായിക്കുന്നുവെങ്കിൽ ഓർമ്മയിൽ ഉണ്ടാവട്ടെ. ഇതെഴുതുന്നവൻ്റെ അനുഭവമാണ്. അഹങ്കാരം ഒരു മോശം വ്യക്തിത്വഗുണമാണ്. സമർപ്പണത്തിന്റെ മഹാമേരുക്കളായ നിൻറെ മുൻഗാമികൾക്കു ആ നിലയിൽ നീയൊരു അപമാനവുമാണ്.!!
ചുരുക്കട്ടെ ഷെയ്ൻ…
സ്വാസ്ഥ്യം നേരുന്നു…
നിനക്കും നിന്നെ വിശ്വസിച്ച കലാകാരന്മാർക്കും, എഴുത്തുകാർക്കും…! ??
ശുഭരാത്രി… ??
Adv. Jahangeer Amina Razaq
8136 888 889.
https://www.facebook.com/photo.php?fbid=10218746233279487&set=a.1768717910286&type=3&__xts__%5B0%5D=68.ARARMN-A5OJrB90DHky9xZGc_i4N4BUyngbEbzrbb18dZ28D4u-0ZXWA3Vb3YmhpzGL0ef7hwiLFp-UDjYKmNewJaN3I2DOzCjDk2HPJjDqrFSYnfGqij9Tso6-s9DJ-J4KUpB_aKl2Ob9Z38FtAXzRjrKsYSJi1eRvLmEmxW3987DX8yPfalngP_MzNXN_gpfRnWqZxGqo4VUEFnw&__tn__=-R
Post Your Comments