![](/wp-content/uploads/2019/11/MAHARASHTRA2.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ. സഖ്യസര്‍ക്കാരില്‍ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് ആലോചനയുണ്ട്. സ്പീക്കര്‍ സ്ഥാനമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സഖ്യകക്ഷികള്‍ തമ്മില്‍ മന്ത്രിപദവികളിലും മറ്റും ധാരണയുണ്ടാക്കുന്നതിന് ഇന്ന് വീണ്ടും ചര്‍ച്ച തുടരും. ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിഞ്ജ ചെയ്‌ത് അധികാരമേല്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇതില്‍ മാറ്റമുണ്ടായേക്കും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. എംഎല്‍എമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക.സംസ്ഥാനത്ത് 288 എംഎല്‍എമാരുള്ളതിനാല്‍ ചടങ്ങുകള്‍ വൈകീട്ട് വരെ നീളും. ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കര്‍. ഇദ്ദേഹത്തെ ഗവര്‍ണറാണ് നിയമിച്ചത്. പുതിയ നിയമസഭ നിലവില്‍ വന്നശേഷം സ്പീക്കറെ തെരഞ്ഞെടുക്കും.
നാളെയാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. നേരത്തെ ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്.മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുക എന്നത് തന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞത്.
Post Your Comments