
തിരുവനന്തപുരം : മജിസ്‌ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് സംഭവം. അപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിലും, ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തതിലും പ്രതിഷേധിച്ച് മജിസ്‌ട്രേറ്റ് ദീപ മോഹനെയാണ് ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ തടഞ്ഞതെന്നു പ്രമുഖ മലയാളം വാർത്ത ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സിജെഎം എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. പ്രതിയെ അഭിഭാഷകർ മോചിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
Also read : ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷിച്ചു
പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് നിഷേധിച്ചത്. മണി ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായിരുന്ന സ്ത്രീയാണ് ഭീക്ഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയതാണ് നടപടിക്ക് കാരണം. ഇതിനെതിരെ അസോസിയേഷന്‍ ഭാരവാഹികളായ അഭിഭാഷകരുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിന്‍റെ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകർ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ജഡ്ജിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം മജിസ്ട്രേറ്റ് ദീപ മോഹനെതിരെ വിമര്‍ശനവുമായി വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെപി ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു. നേരത്തെ തന്നെ സംഭവത്തില്‍ ഉള്‍പ്പെട്ട മജിസ്ട്രേറ്റ് ദീപ മോഹനനെതിരെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണെന്നും ചട്ടവിരുദ്ധമായ നടപടികൾ ദീപയുടെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുള്ളതെന്നും അഡ്വ. കെപി ജയചന്ദ്രന്‍ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു.
Post Your Comments