ഇടുക്കി: ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് രോഗികൾ എത്തിയാല്‍ പേടിച്ചിട്ട് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാർ ചിലപ്പോൾ തയ്യാറാകില്ല. മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതാണ് ഡോക്ടർമാരുടെ ഈ പേടിക്ക് കാരണം. മരുന്ന് ലഭ്യമാണെങ്കിലും ജില്ലയില്‍ ഒരു ആശുപത്രിയിലും ചികിത്സിക്കാനുള്ള അത്യാഹിത വിഭാഗമില്ല. ഇന്നലെ പാമ്പു കടിയേറ്റെന്ന സംശയത്തിലെത്തിയ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.
വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചതിനു പിന്നാലെ മിക്ക ആശുപത്രികളിലും ആന്റിവെനം എത്തിച്ചിരുന്നു. എന്നാല്‍ ഇടുക്കിയിലെവിടെയും ഇത് ഫലപ്രദമായി നല്‍കാനുള്ള സംവിധാനം ഇല്ല. മരുന്ന് നല്‍കിയാല്‍ രോഗിയെ നിരീക്ഷിക്കാന്‍ ഐസിയു യൂണിറ്റും വെന്റിലേറ്ററും വേണം. എന്നാല്‍ ഇത് ജില്ലയിലില്ല. പേടിച്ചിട്ട് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരും തയാറല്ല. ഇന്നലെ രാവിലെ ഇടവെട്ടി എല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റെന്ന സംശയത്തില്‍ തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.
അതേസമയം,കുട്ടിയെ പാമ്പു കടിച്ചതല്ലെന്ന് പിന്നീട് സ്ഥീരീകരിച്ചു. എന്നാല്‍ അടിയന്തിര ചികിത്സ നല്‍കേണ്ട സമയത്ത് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി ആന്റിവെനം സ്റ്റോക്കുണ്ട്, എന്നാല്‍ നല്‍കാനുള്ള സംവിധാനമില്ലെന്നായിരുന്നു. മരുന്ന് നല്‍കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെങ്കിലും രോഗിയുടെ അവസ്ഥ അനുസരിച്ച് ചികിത്സ നല്‍കാറുണ്ടെന്നും ഡിഎംഒ അറിയിച്ചു.
Post Your Comments