Kerala

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ശ്രമം വേദനാജനകമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി നടത്താന്‍ ആവശ്യമായ ബാക്കി തുക എം.എല്‍.എ ഫണ്ടും ജനകീയ പങ്കാളിത്തവും ഉപയോഗപ്പെടുത്തി കണ്ടു പിടിക്കണം. ഇത്തരത്തിലുള്ള അഞ്ചാമത്തെ മികവിന്റെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഈ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അതീവ ദുഖകരമാണ്. ആവശ്യമായ തുടര്‍നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയത്തിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്നും കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും മാറി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയും കെ.ദാസന്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.38 കോടി രൂപയും ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button