കൊച്ചി: കഞ്ചാവ് വില്പനയ്ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവാവ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ രണ്ടരക്കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി അനീഷ് (36) ആണ് കഞ്ചാവ് വിൽക്കാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വാട്സ് ആപ്പിലെ ഗ്രൂപ്പുപേര് കണ്ടാൽ കുടുംബഗ്രൂപ്പാണെന്നേ ആദ്യം തോന്നൂ. എന്നാൽ തുറന്ന് നോക്കിയാൽ മെസേജുകളും ഫോട്ടോകളുമെല്ലാം കഞ്ചാവ് ഇടപാടിനെക്കുറിച്ചും കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്.
കഞ്ചാവ് എവിടെ നിന്ന് കിട്ടിയാലും അനീഷ് അത് തേടി എത്തും. ഇങ്ങനെ വാങ്ങുന്ന കിലോക്കണക്കിന് കഞ്ചാവ് ട്രെയിൻ മാർഗമാണ് കേരളത്തിൽ എത്തിക്കുന്നത്. കേരളത്തിൽ സുരക്ഷിതമായി എത്തിയാൽ പിന്നെ വാട്‌സ്ആപ്പിലൂടെയാണ് ഇടപാടുകൾ. ഗ്രൂപ്പിലെ മെസേജുകൾക്ക് റിപ്ലേ നൽകലാണ് അദ്യ പണി. കിലോക്കണക്ക് കിട്ടിയാൽ പണം അക്കൗണ്ടിൽ ഇടാൻ നിർദ്ദേശം നൽകും. പറഞ്ഞ സമയത്ത് പണമെത്തിയാൽ കൊണ്ടുവരുന്ന സ്ഥലം അനീഷ് അറിയിക്കും. അഞ്ച് മാസം മുമ്പ് അഞ്ച് കിലോ കഞ്ചാവുമായി ഒരു ഇതരസംസ്ഥാനക്കാരനെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അനീഷിന്റെ വാട്‌സ്ആപ്പ് കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
Post Your Comments