മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരികെയെത്തി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദാണ് മണിക്കൂറുകള്‍ക്കകം തിരിച്ചെത്തിയത്. അക്രമിസംഘത്തില്‍ ആറുപേരുണ്ടായതായും തന്നെ മര്‍ദിച്ചതായും റഷീദ് ആരോപിക്കുന്നു. അക്രമിസംഘം തന്നെ താനൂരില്‍ ഇറക്കിവിട്ടതായി റഷീദ് പറയുന്നു. സ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.
റഷീദിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമിസംഘം രക്ഷപ്പെട്ടു. താനൂരില്‍ നിന്ന് മറ്റൊരു ഫോണില്‍ വിളിച്ച് റഷീദ് തന്നെ വിട്ടയച്ച കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പൊലീസില്‍ റഷീദ് ഹാജരായി. റഷീദില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതും വാര്‍ത്ത പരന്നതുമാകാം റഷീദിനെ വിട്ടയക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. ഭര്‍ത്താവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു എന്നാണ് റഷീദിന്റെ ഭാര്യയുടെ പരാതിയിലും പറഞ്ഞിരുന്നത്.
Post Your Comments