വിനോദയാത്രാവേളകളില്‍ സാധാരണയായി ഹെപ്പറ്റെറ്റിസ് എ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍, കുരങ്ങുപനി, എലിപ്പനി തുട ങ്ങിയ ജന്തുജന്യരോഗങ്ങള്‍, പ്രാണിജന്യ രോഗമായ സ്‌ക്രബ് ടൈഫസ് , വായുജന്യരോഗങ്ങളായ എച്ച്1 എന്‍1, വൈറല്‍ ഫീവര്‍ എന്നീ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ ഡോ.നാരായണ നായ്ക്ക് അറിയിച്ചു. പനിയുള്ള സമയത്ത് യാത്രകള്‍ ഒഴിവാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. കഴിയുമെങ്കില്‍ വിനോദയാത്ര പോകുന്ന വാഹനത്തില്‍ തന്നെ ശുദ്ധവെളളം കരുതുക. തുറന്നുവെച്ചതും പഴകിയതുമായ ഭക്ഷണം കഴിക്കാതിരിക്കുക. ശുചിത്വമുള്ള ഹോട്ടലില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം വിളമ്പുന്നതും പകര്‍ന്നുവെക്കുന്നതും വൃത്തിയുള്ള പാത്രങ്ങളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക.
തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും ടവ്വല്‍, ടിഷ്യൂപേപ്പര്‍ എന്നിവ കൊണ്ട് പൊത്തുക. പച്ചക്കറികളും പഴങ്ങളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ മുറിവുള്ളപ്പോള്‍ വെള്ളത്തിലിറങ്ങാതിരിക്കുക. കെട്ടി ക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. വനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചെള്ളുകള്‍, ചിഗര്‍മൈറ്റുകള്‍ എന്നിവയുടെ കടിയേല്‍ക്കാതിരിക്കാന്‍ കൈയുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും കടിയേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ പുരട്ടുകയും ചെയ്യുക. കുരങ്ങുകള്‍, വവ്വാലുകള്‍ എന്നിവ ചത്തുകിടക്കുന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടിയിരിക്കു വസ്ത്രങ്ങള്‍ ധരിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിച്ച മുറികള്‍ താമസിക്കുന്നതിനായി തെരഞ്ഞെടുക്കുക. കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക. വലിയ കുന്നിന്‍മുകളിലുള്ള പാറക്കെട്ടുകള്‍, അപകടകരമായ വെള്ളച്ചാട്ടങ്ങള്‍, ശക്തമായ തിരമാലകള്‍ എന്നിവിടങ്ങളില്‍ പോകുകയോ ഇവിടങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കുകയോ ചെയ്യരുത്. പനി, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടായാല്‍ ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടുക.
Post Your Comments