Latest NewsKeralaNews

പാമ്പുകളും ചിതല്‍പ്പുറ്റുകളും തമ്മില്‍ ബന്ധമുണ്ടോ ? വായിക്കേണ്ട കുറിപ്പ്

ബത്തേരി: പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങളുയരുന്നതിനിടെ പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ചെല്ലാം ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്ന കുറിപ്പുകളെല്ലാം പുറത്തുവന്നിരുന്നു. ഷെഹലയുടെ സ്‌കൂളില്‍ ചിതല്‍പ്പുറ്റും പൊത്തുകളുമെല്ലാം കണ്ടതെല്ലാം വാര്‍ത്തകളായിരുന്നു. എന്നാല്‍ പാമ്പുകളും ചിതല്‍പ്പുറ്റുകളും തമ്മില്‍ ബന്ധമുണ്ടോ ?. ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള.

കുറിപ്പിന്റെ പൂര്‍ണരൂപം :

പാമ്ബും ചിതല്‍ പുറ്റും: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ പാമ്ബു കടിച്ചു കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാര്‍ത്ത ടിവിയില്‍ കണ്ടവര്‍ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്‌കൂളിനു സമീപത്തുള്ള ചിതല്‍പ്പുറ്റുകളെ ക്കുറിച്ചു റഫര്‍ ചെയ്തത്.

ശരിക്കും ചിതല്‍പ്പുറ്റുകള്‍ക്കും പാമ്ബുകള്‍ക്കും എന്താണ് ബന്ധം?

ചിതല്‍പ്പുറ്റുകള്‍ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. പല തരം അന്ധ വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നും ഒരു ഇടവഴിയില്‍ ക്കൂടി ഓട്ടോയില്‍ വരികയായിരുന്നു. അപ്പോളാണ് ഒരു മൂന്നു നാല് ഏക്കറോളം സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചിതല്‍പ്പുറ്റുകള്‍ കണ്ടത്. കേരളത്തില്‍ ഒറ്റപ്പട്ട ചിതല്‍പ്പുറ്റുകള്‍ കണ്ടിട്ടുണ്ടെങ്കിലും ചിതല്‍പ്പുറ്റുകളുടെ കൂട്ടങ്ങള്‍ ആദ്യമായി കാണുക ആയിരുന്നു. ഞാന്‍ ആകാംക്ഷയോടെ ഓട്ടോ െ്രെഡവറോട് ചോദിച്ചു.
‘ഇതെന്താണ്, ഇങ്ങനെ നേരത്തെ കണ്ടിട്ടേ ഇല്ലല്ലോ?’

‘ഇത് നാഗങ്ങളുടെ (പാമ്ബുകളുടെ) കൂടാണ്’ അദ്ദേഹം പറഞ്ഞു.

പാമ്ബുകള്‍ എങ്ങിനെയാണ് ചിതല്‍പ്പുറ്റുകള്‍ ഉണ്ടാക്കുന്നത്. പാമ്ബുകളും ചിതല്‍പുറ്റുകളും തമ്മില്‍ എന്താണ് ബന്ധം എന്നൊക്കെ അന്നേ ഉള്ള സംശയമാണ്. അതേക്കുറിച്ചു അന്വേഷിക്കാന്‍ പിന്നീട് സമയം കിട്ടി ഇല്ല. 2015 ല്‍ ഔദ്യോഗിക ആവശ്യത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് (IISc) ബാംഗ്‌ളൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ താമസിച്ച ഗസ്റ്റ് ഹൗസിന്റെ സമീപത്തായി ഏകദേശം ഒരാളിന്റെ ഉയരമുള്ള ഒരു വലിയ ചിതല്‍പ്പുറ്റ് കണ്ടു. അപ്പോളാണ് ഇതേക്കുറിച്ചു
കൂടുതല്‍ അന്വേഷിക്കണം എന്ന് തോന്നിയത്. അന്ന് മുതല്‍ വായിച്ചതും, ഈ അടുത്ത കാലത്തു വായിച്ചതുമായ കുറെ കാര്യങ്ങള്‍ ആണ് എഴുതുന്നത്.

എന്താണ് ചിതല്‍പ്പുറ്റുകള്‍?

പേര് സൂചിപ്പിക്കുന്നതു പോലെ ചിതല്‍പ്പുറ്റുകള്‍ (Termite Mound അല്ലെങ്കില്‍ Ant Hill) ചിതലുകള്‍ (Termite) ഉണ്ടാക്കുന്നതു തന്നെ.

ചിതലുകള്‍ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണ് എന്ന് ഈ ചിതപ്പുറ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിയും, നല്ല രീതിയില്‍ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകല്‍പ്പന. വേണമെങ്കില്‍ ഇതിനെ ഹരിത ഗൃഹങ്ങള്‍ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണില്‍ ഉമിനീര്‍ കലര്‍ത്തിയാണ് ചിതലുകള്‍ ഇവയുണ്ടാക്കുന്നത്.

കണ്ടാല്‍ ചിതലുകള്‍ക്ക് ഉറുമ്ബുകളുടെ രൂപ സാദൃശ്യം ഉണ്ടെങ്കിലും ഇവയ്ക്ക് ഉറുമ്ബുകളുമായി ബന്ധമില്ല. പാറ്റകളുടെ വര്‍ഗ്ഗത്തില്‍ പെടുന്ന Isoptera വിഭാഗത്തില്‍ പെടുന്നവയാണ്. ഏകദേശം മൂവായിരത്തോളം തരം ചിതലുകളെ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചകളിലെ പോലെ ‘രാജാവ്’, രാജ്ഞി, ജോലിക്കാര്‍, പടയാളികള് എന്നിങ്ങനെ പല അധികാര ശ്രേണിയില്‍ ആണ് ഇവയുടെ ചിതല്‍പ്പുറ്റിലുള്ള ജീവിതം. എല്ലാത്തരം ചിതലുകളും പല രീതിയില്‍ ഉള്ള പുറ്റുകള്‍ ഉണ്ടാകാറുണ്ടെങ്കിലും, പലതും ഭൂമിക്ക് അടിയില്‍ അല്ലെങ്കില്‍ അത്ര ഉയരത്തില്‍ ആയിരിക്കില്ല നിര്‍മ്മിക്കുക. സങ്കീര്‍ണ്ണമായ പുറ്റുകള്‍ ഉണ്ടാക്കുന്ന ചിതല്‍ വിഭാഗമാണ് Macrotermes. ഒന്‍പത് മീറ്റര്‍ ഉയരമുള്ള ചിതല്‍പ്പുറ്റുകള്‍ വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇത്രയും സങ്കീര്‍ണ്ണമായ പുറ്റുകള്‍ ഉണ്ടാക്കാന്‍ പറ്റുന്നത് എങ്ങിനെ എന്ന് ധാരാളം പഠന വിധേയമാക്കിയ കാര്യമാണ്. ചിലതരം ‘ഫിറോമോണുകള്‍’ ആണ് ഇവയെ ഇതുപോലെ നിര്‍മ്മിക്കാന്‍ ഉത്തേജനം നല്‍കുന്നത് എന്ന് ചില ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ചിലര്‍ ഇത് ജനിതക പരമായി കൈമാറിയ ഗുണങ്ങള്‍ ആണ് എന്ന് വാദിക്കുന്നവരും ഉണ്ട്. കൃത്യമായ ഒരു ഉത്തരം കിട്ടാന്‍ ഇനിയും കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും.

അപ്പോള്‍ പാമ്ബുകള്‍ക്ക് ഇവയുമായുള്ള ബന്ധം?

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമാണിത്. ചിതല്‍പ്പുറ്റുകള്‍ക്ക് മുന്‍പില്‍ നൂറും പാലും വച്ച്‌ ആരാധന നടത്തുന്നത് ഒക്കെ ചിലപ്പോള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ചിതല്‍പ്പുറ്റുകളില്‍ ഉള്ള ആരാധനയെപ്പറ്റി John C. Irwin തന്റെ പുസ്തകമായ The Sacred Anthill and the Cult of the Primordial Mound (History of Religions, Vol. 21, No. 4 (May, 1982), pp. 339-360) എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് pdf ആയി ഓണ്‍ലൈന്‍ കിട്ടും.

എന്നാല്‍, പാമ്ബുകള്‍ക്ക് ചിതല്‍പ്പുറ്റുകള്‍ ഉണ്ടാക്കുന്നതുമായി ഒരു ബന്ധവും ഇല്ല. ഇത് പാമ്ബുകള്‍ക്ക് സഹവസിക്കുവാനായി ഉണ്ടാക്കുന്നതും അല്ല.

പക്ഷെ, ഉപേക്ഷിക്കപ്പെട്ട ചിതല്‍പ്പുറ്റുകളില്‍ ചിലതില്‍ പാമ്ബുകള്‍ മുട്ടയിടുവാനായി ഉപയോഗിക്കും; ചിലപ്പോള്‍ താമസിക്കാനും. അത് ചിതല്‍പ്പുറ്റുകള്‍ ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞാവും. പുതിയതായി ഉണ്ടായ ചിതല്‍പ്പുറ്റുകളില്‍ പാമ്ബുകള്‍ വരാനുള്ള സാധ്യത ഇല്ല.

പാമ്ബുകള്‍ മാത്രമല്ല, തേളുകള്‍, പാറ്റകള്‍ ഉള്‍പ്പെടെയുള്ള പല ജീവികളും ഇതുപോലെ ചിതലുകള്‍ ഉപേക്ഷിക്കപ്പെട്ട പുറ്റുകളില്‍ താമസിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button