മുംബൈ: മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ശിവസേനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുമായുള്ള സഖ്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന ഫലം വന്നതോടെ കാലുമാറുകയായിരുന്നു. എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ശിവസേന ക്യാംപിനെ ഞെട്ടിച്ച് ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ വരുംനാളുകളിൽ ശിവസേന നേരിടാൻ പോകുന്നത് കനത്ത അഗ്നിപരീക്ഷയാണെന്നാണ് സൂചന.
ബാൽ താക്കറെ രൂപീകരിച്ച ശിവസേന തീവ്ര ഹൈന്ദവ – മറാത്തി നിലപാടുകളുമായാണ് പ്രവർത്തിക്കുന്നത്. 1960ൽ ബാൽ താക്കറെയും സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങിയതിൽ നിന്നാണ് ശിവസേന എന്ന ആശയത്തിന് തുടക്കമായത്. മറാത്തികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി താക്കറെ സമരം തുടങ്ങി. 1966 ജൂണിലാണ് ശിവസേന എന്ന സംഘടനയ്ക്ക് തുടക്കമാകുന്നത്.
ALSO READ: മഹാരാഷ്ട്ര സർക്കാർ രൂപീകരണം: പാർട്ടിയുടെ തീരുമാനത്തെ ശക്തമായി അപലപിച്ച് മാണി സി കാപ്പന്‍ രംഗത്ത്
ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടത് ബാൽ താക്കറെയുടെ പിതാവ് കേശവ്റാമാണ്. മഹാരാഷ്ട്ര മറാത്തികളുടെതാണ്, വ്യവസായികമായി പുരോഗമിച്ചുകൊണ്ടിരുന്ന മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദം ഉയർത്തിയാണ് ശിവസേന വളർന്നത്. ബിജെപി ദേശീയത ഉയർത്തിപ്പിച്ചപ്പോൾ ഒരുപടികൂടി കടന്ന് തീവ്ര ഹൈന്ദവതയും മറാത്തവാദവും മുസ്ലീം വിരുദ്ധതയും വൈദേശികവിരുദ്ധതയുമൊക്കെയായിരുന്നു ശിവസേനയുടെ മുഖമുദ്ര.
Post Your Comments