ക്ഷേത്ര പ്രദക്ഷിണം നടത്തുമ്പോള്‍ ബലികല്ലുകള്‍ കാണാറുണ്ട്. എന്നാല്‍ ബലിക്കല്ലുകളില്‍ ചവിട്ടുകയോ തൊട്ടുതൊഴാനൊ പാടില്ലെന്ന് പറയാറുണ്ട്. ക്ഷേത്രത്തിനുളളില്‍ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദര്‍ശിച്ച ശേഷമാണ് പ്രദക്ഷിണം നടത്തുക. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളില്‍ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താല്‍ ബലിക്കല്ലില്‍ തൊട്ടു തൊഴരുത്. ഒരു ബലിക്കല്ലില്‍ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊര്‍ജ പ്രവാഹമുണ്ടാകും. ഈ ഊര്‍ജ പ്രവാഹത്തിന് തടസ്സമുണ്ടാവാന്‍ പാടില്ല എന്നതാണു തത്വം. തൊട്ടുതൊഴുമ്പോള്‍ നമ്മള്‍ വീണ്ടും ഈ ഊര്‍ജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ പ്രദക്ഷിണം ചെയ്യുമ്പോള്‍ എപ്പോഴും ബലിക്കല്ലുകള്‍ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകള്‍ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു.
ബലിക്കല്ലില്‍ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാല്‍ മതിയാവും.
”ഓം കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ” എന്നതാണു ക്ഷമാപണമന്ത്രം.
അതുപോലെ ശ്രീകോവിലില്‍ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാന്‍ പാടില്ല. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലില്‍ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാന്‍ പാകത്തില്‍ വീട്ടില്‍ സൂക്ഷിക്കുക. പൂജാപുഷ്പങ്ങള്‍ മറ്റുള്ളവര്‍ ചവിട്ടാതെ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
Post Your Comments