KeralaLatest NewsNews

കേരളത്തിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി

തിരുവനന്തപുരം• സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി (ആദിയ) താല്പര്യം പ്രകടിപ്പിച്ചു. അതോറിറ്റിയുടെ പ്രതിനിധികൾ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് അഞ്ചു പദ്ധതികളിൽ നിക്ഷേപത്തിനുള്ള സാധ്യത തെളിഞ്ഞത്.

കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് – 1500 കോടി), മാരിടൈം ക്ലസ്റ്റർ (വെല്ലിംഗ്ടൺ ഐലൻറ് – 3500 കോടി), എറോട്രോപോളിസ് (കണ്ണൂർ – 1000 കോടി), കിൻഫ്രാ ലോജിസ്റ്റിക്‌സ് പാർക്ക് (പാലക്കാട് – 400 കോടി) എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിൽ വരിയാണെങ്കിൽ അവിടെയും മുതൽ മുടക്കാൻ കമ്പനി പ്രതിനിധികൾ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ എട്ടു പദ്ധതികളെ കുറിച്ചു കൂടി അതോറിറ്റിയുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തു.

താല്പര്യമുള്ള പദ്ധതികളുടെ കാര്യത്തിൽ അടുത്ത ജനുവരിയോടെ തീരുമാനം എടുക്കാൻ കഴിയുമെന്ന് ആദിയയുടെ ഇൻഫ്രാസ്ട്രക്ച്ചർ തലവൻ സലിം അൽ ധർമാകി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ആദിയ മാനേജിംഗ് ഡയറക്ടർ ഷെയ്ക് ഹമദ് ബിൻ സയിദ് അൽ നഹിയാനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് അതോറിറ്റി പ്രതിനിധികൾ കേരളവുമായി ചർച്ച നടത്തിയത്.

കേരളത്തിൽ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പ്രകൃതി വാതക പൈപ്പ്‌ലൈൻ, പവർ ഹൈവെ, ദേശീയ പാത, ദേശീയ ജലപാത തുടങ്ങി മുടങ്ങിക്കിടന്ന പല അടിസ്ഥാന സൗകര്യപദ്ധതികളും പൂർത്തിയാ ക്കാനും നിർമാണത്തിൽ പുരോഗതി കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. കിഫ്ബി മുഖേന പണം സമാഹരിച്ച് വൻതോതിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിനകം തന്നെ 45,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി അംഗീകരിച്ചു. ആദിയയുമായി കൂടുതൽ ചർച്ചയ്ക്കും പദ്ധതികൾ പ്രാവർത്തികമാക്കു ന്നതിനും സംസ്ഥാന സർക്കാരിൻറെയും ആദിയയുടെയും പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിത്യ ഭാർഗവ, സുൽത്താൻ അൽ മെഹരി, ഹമദ് അൽ കെത്ത്ബി എന്നിവരും ആദിയയ്ക്കു വേണ്ടി ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവരും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലിയും ചർച്ചയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button