കൊച്ചി: കൊല്ലത്ത് ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന മലയാളി സൈനികന് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സൈനികൻ ട്രെയിനിൽ നിന്നു വീണത്. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ എന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കൽ പെരുവേലിക്കര കരിങ്ങോട്ട് തെക്കതിൽ വിഷ്ണു (26) ആണ് മരിച്ചത്.
കരസേനയുടെ റാഞ്ചിയിലെ ഇഎംഇ ( ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ്) വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണു അമ്മാവന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 10നായിരുന്നു വിവാഹം. പുലർച്ചെ ഒന്നരയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം.
ALSO READ: സൗദിയിൽ വാഹനാപകടം : ആറുപേർക്ക് ദാരുണാന്ത്യം
റെയിൽവെ പൊലീസും ആർപിഎഫും ചേർന്നു എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടരമാസം മുൻപായിരുന്നു വിഷ്ണുവിന്റെ വിവാഹം. ഭാര്യ: ഐശ്വര്യ. പിതാവ്: രഘു. മാതാവ്: വിമല. വിശാഖ് സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments