മുംബൈ : ബോളിവുഡ് നിര്‍മ്മാണ കമ്പനി യഷ് രാജ് ഫിലിംസിന് എതിരെ പൊലീസ് കേസ്. മുംബൈ പോലീസിന്റെ എക്കണോമിക് ഒഫെന്‍സ് വിംഗ് ആണ് സിനിമാ നിര്‍മാണ കമ്പനിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായകര്‍, സംഗീത നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട 100 കോടി രൂപ വൈആര്‍എഫ് കൈക്കലാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്സ് സൊസൈറ്റി (ഐപിആര്‍എസ്) ആണ് കലാകാരന്‍മാരെ പ്രതിനിധീകരിച്ച് കേസ് ഫയല്‍ ചെയ്തത്.
വൈആര്‍എഫ് കലാകാരന്‍മാരെ കൊണ്ട് സംശയാസ്പദമായ കരാറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ഇതുവഴി അവര്‍ക്ക് അര്‍ഹതയില്ലാത്ത റോയല്‍റ്റി തുക നേടുകയും ചെയ്യുന്നു. കലാകാരന്‍മാര്‍ക്കും, സംഗീത സംവിധായകര്‍ക്കും ലഭിക്കേണ്ട തുക നിര്‍മ്മാണ കമ്പനിക്ക് ശേഖരിക്കാന്‍ അവകാശമില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തി ആവശ്യം വന്നാല്‍ ചോദ്യം ചെയ്യലിന് കുറ്റം ആരോപിക്കപ്പെടുന്നവരെ വിളിച്ചുവരുത്തുമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments